14 November Thursday

അവിശ്വാസം പാസായി ; ഏലംകുളത്ത്‌ വൈസ് പ്രസിഡന്റും പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024


പെരിന്തൽമണ്ണ
ഏലംകുളം പഞ്ചായത്തിൽ പ്രസിഡന്റിന്‌ പിറകെ വൈസ് പ്രസിഡന്റും പുറത്തായി. മുസ്ലിംലീഗിലെ കെ ഹൈറുന്നിസക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏഴിനെതിരെ ഒമ്പത് വോട്ടിന്‌ പാസായി. കോൺഗ്രസ്‌ സ്വതന്ത്ര അംഗം രമ്യ മാണിത്തൊടി പ്രമേയത്തെ അനുകൂലിച്ചു. കോൺഗ്രസ്‌ നേതാവും പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന  സി സുകുമാരനെതിരായ അവിശ്വാസം കഴിഞ്ഞദിവസം പാസായിരുന്നു. ഇതോടെ പഞ്ചായത്ത്‌ ഭരണം പൂർണമായി യുഡിഎഫിന്‌ നഷ്ടമായി.

യുഡിഎഫ്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മനംമടുത്താണ്‌ രമ്യ മുന്നണിബന്ധം ഉപേക്ഷിച്ചത്‌. തിങ്കളാഴ്‌ച പ്രസിഡന്റിനെതിരായ അവിശ്വാസത്തിലും രമ്യ എൽഡിഎഫിനൊപ്പംനിന്നു. മലപ്പുറം ഡിസിസി സെക്രട്ടറികൂടിയായ സി സുകുമാരന് പ്രസിഡന്റ്‌ സ്ഥാനം നഷ്ടമായതോടെ പഞ്ചായത്തിലെ കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി.

പഞ്ചായത്ത് ഭരണസമിതിയിൽ സിപിഐ എം –-ഏഴ്, സിപിഐ–- ഒന്ന് എന്നതായിരുന്നു എൽഡിഎഫിലെ കക്ഷിനില. യുഡിഎഫിൽ രണ്ട് സ്വതന്ത്രരുൾപ്പെടെ കോൺഗ്രസിന് അഞ്ചും  ലീഗിന്‌ രണ്ടും അംഗങ്ങളാണുള്ളത്‌. വെൽഫെയര്‍ പാർടി അംഗത്തിന്റെ പിന്തുണയോടെയായിരുന്നു എൽഡിഎഫിനൊപ്പമെത്തിയത്‌. തുടർന്ന്‌ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങൾ യുഡിഎഫിന് ലഭിച്ചത്. ഇ എം എസിന്റെ ജന്മനാട്ടിൽ ഭരണം പിടിച്ചത്‌ യുഡിഎഫ്‌ ആഘോഷിച്ചിരുന്നു. ഭരണം നാലാം വർഷത്തിലേക്ക്‌ കടക്കുമ്പോഴാണ്‌ അഴിമതിയിൽ മുങ്ങി യുഡിഎഫിന്‌ ഭരണം നഷ്ടമായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top