കൽപ്പറ്റ
ജനാധിപത്യ ഉത്സവത്തെ ഹൃദയത്തിലേറ്റിയ വെള്ളാർമല സ്‌കൂളും ചൂരൽമല അങ്ങാടിയും നിശ്ശബ്‌ദമാണ്. ബുധനാഴ്‌ച ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് ബൂത്തുകളായി ഒരുങ്ങേണ്ടിയിരുന്ന വെള്ളാർമല ഗവ. ജിവിഎച്ച്‌എസ്‌എസിന്റെ പുതിയ കെട്ടിടത്തിൽ ഉരുളൊഴുക്കിന്റെ അവശേഷിപ്പുകൾ മാത്രം ബാക്കി.
സ്‌കൂളിലെത്തി വോട്ടുചെയ്‌തിരുന്ന നൂറുകണക്കിനാളുകൾ ഇന്നില്ല. ദുരന്തത്തിനിപ്പുറം പലദിക്കിലേക്ക് ചിന്നിച്ചിതറിയ നാട്ടുകാർ ബുധനാഴ്‌ച പുതുതായി നിശ്ചയിച്ച പ്രത്യേക ബൂത്തുകളിൽ വീണ്ടും ഒന്നിക്കും.
നീലിക്കാപ്പിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിന്റെ കല്യാണ മണ്ഡപത്തിലും മേപ്പാടി ജിഎച്ച്‌എസ്‌എസിലുമാണ് ഇത്തവണ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അതിജീവിച്ച ജനത സമ്മതിദാനാവകാശം നിർവഹിക്കുക. മേപ്പാടി സ്‌കൂളിലേക്ക് മാറ്റിയ 168–-ാം നമ്പർ ബൂത്തും നീലിക്കാപ്പിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് മണ്ഡപത്തിൽ ഒരുക്കിയ 167, 169 ബൂത്തുകളും തെരഞ്ഞെടുപ്പിന് സജ്ജമായി.
താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന മുണ്ടക്കൈയിലെ 605 സ്‌ത്രീകളും 563 പുരുഷൻമാരും അടക്കം 1168 പേർക്കാണ് മേപ്പാടിയിൽ വോട്ടുചെയ്യാൻ സൗകര്യം. നീലിക്കാപ്പിലെ 169, 167 ബൂത്തുകളിൽ ചൂരൽമല, അട്ടമല പ്രദേശങ്ങളിലെ 1156 സ്‌ത്രീകളും 1136 പുരുഷൻമാരും അടക്കം 2292 പേർക്ക് വോട്ടുചെയ്യാം. വോട്ടർമാരിൽ ഭൂരിഭാഗവും വിവിധ ഭാഗങ്ങളിലെ താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലായതിനാൽ ബൂത്തുകളിലെത്താൻ സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..