രാജാക്കാട് > ഒറിജിനലിനെ വെല്ലുന്ന ‘മിനിയേച്ചർ’, അതാണ് ഹൈറേഞ്ചുകാരൻ ബിനുവിന്റെ കരവിരുതിൽ പിറന്ന കുഞ്ഞൻ ജീപ്പ്. കണ്ടിട്ട് ‘സ്റ്റിൽ മോഡലാ’ണെന്ന് ധരിക്കണ്ട, അസൽ ‘വർക്കിങ് കണ്ടീഷനാ’ണ് ഐറ്റം. രാജാക്കാട് കുത്തുപാറയിൽ ബിനു ആന്റണിയാണ് കുഞ്ഞൻ ജീപ്പിന്റെ ഉപജ്ഞാതാവ്. സിനിമ–സീരിയൽ മേഖലയിൽ പരസ്യരംഗത്ത് ജോലിചെയ്യുന്ന ബിനു എട്ടുമാസംകൊണ്ടാണ് ഇലക്‌ട്രിക് ജീപ്പ് പൂർത്തിയാക്കിയത്. ആകെ ചെലവായതാകട്ടെ മൂന്ന് ലക്ഷംരൂപ.നാല് ഫോർവേർഡ് ഗിയറും റിവേഴ്സ് ഗിയറുമാണുള്ളത്.
സാധാരണ വൈദ്യുത വാഹനങ്ങളിൽനിന്ന് ഭിന്നമായി ക്ലച്ചും ഘടിപ്പിച്ചിട്ടുണ്ട്. 2.55 മീറ്റർ നീളവും 1.11 മീറ്റർ വീതിയും 1.60 മീറ്റർ ഉയരവുമുണ്ട്. 12 വോൾട്ട് 60 എഎച്ചിന്റെ നാല് ബാറ്ററിയാണ് ജീപ്പിൽ ഘടിപ്പിച്ചിട്ടുള്ളത്. ഒരുതവണ ഫുൾചാർജ് ചെയ്‌താൽ 75 കിലോമീറ്റർ സഞ്ചരിക്കാം. മണിക്കൂറിൽ 25 കിലോമീറ്ററാണ് പരമാവധി വേഗം.
ഏതുപ്രായക്കാർക്കും ഉപയോഗിക്കാനാകുമെന്നതാണ് ജീപ്പിന്റെ പ്രത്യേകത. നാലുപേർക്ക് ഒരുമിച്ച് യാത്രചെയ്യാം. മിനി മേജർ എന്ന സ്വന്തം യുട്യൂബ് ചാനലിലെ വീഡിയോകണ്ട് വിനോദസഞ്ചാരികളടക്കം നിരവധിപേരാണ് കുഞ്ഞൻ ജീപ്പ് കാണാനെത്തുന്നത്. റോഡിൽ ഓടിക്കാൻ അനുമതിയില്ലാത്തതിനാൽ ബിനുവിന്റെ കുഞ്ഞൻ പൊതുനിരത്തിലിറങ്ങിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..