09 September Monday

കേരളം രാജ്യത്തിന് മുന്നേ സഞ്ചരിച്ച് 'ഇ വി പോളിസി' അംഗീകരിച്ച സംസ്ഥാനം: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Monday Apr 25, 2022

കൊച്ചി> ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിന് പരമാവധി സൗകര്യം ഒരുക്കുക എന്നതാണ് സംസ്ഥാനത്തിന്റെ കാഴ്‌ചപ്പാടെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ്. കളമശേരിയില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് മുന്നേ സഞ്ചരിച്ച് 'ഇ വി പോളിസി' അംഗീകരിച്ച സംസ്ഥാനമാണ് കേരളമെന്നും വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ടി  സംസ്ഥാനത്ത് സ്വന്തമായി ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ പവര്‍ കട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്ന വസ്തുതക്ക് കെ എസ്ഇ ബി തന്നെ  പ്രചാരണം നല്‍കണമെന്നും  വ്യവസായ മേഖലക്കും അത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ആദ്യഘട്ടത്തില്‍ ഓരോ എംഎല്‍എമാരും നിര്‍ദേശിച്ച അഞ്ചു സ്ഥലങ്ങളില്‍ വീതമാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി സ്വയംപര്യാപ്‌ത‌തയാണ് സംസ്ഥാന സര്‍ക്കാരും വൈദ്യുതി വകുപ്പും  വൈദ്യുതി ബോര്‍ഡും ലക്ഷ്യമിടുന്നതെന്നും ഇതിനായി സോളാര്‍ ഉള്‍പ്പെടെയുള്ള റിന്യൂവബിള്‍ എനര്‍ജി വഴി സാധ്യമായ മാര്‍ഗങ്ങളാണ് തേടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കളമശേരിയിലെ ചാര്‍ജിങ് സ്റ്റേഷന് പുറമേ ഗാന്ധിനഗര്‍, നോര്‍ത്ത് പറവൂര്‍, കലൂര്‍, വൈറ്റില, അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഇവിടങ്ങളില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ളതിനാല്‍ വാഹനങ്ങള്‍ വീടുകളില്‍ ചാര്‍ജ് ചെയ്യുന്നതിന്റെ നാലിലൊന്ന് സമയം പോലും ആവശ്യമില്ല.

 ആദ്യഘട്ടത്തില്‍ ജില്ലയിലെ 136 സ്ഥലങ്ങളിലായി വിപുലമായ ചാര്‍ജിങ് ശൃംഖലയാണ്  കെഎസ്ഇബി ഒരുക്കുന്നത്. നിലവില്‍ ചാര്‍ജിങ് സ്റ്റേഷനുകളില്‍ കാറുകള്‍ക്കുള്ള സൗകര്യം മാത്രമാണ് ഉള്ളത്. ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ 125 പോള്‍ മൗണ്ടഡ് ചാര്‍ജ് സെന്‍സറുകള്‍ സ്ഥാപിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.

കളമശേരി കെഎസ്ഇബി വളപ്പില്‍ നടന്ന പരിപാടിയില്‍  കെഎസ്ഇബി സ്വതന്ത്ര ഡയറക്ടര്‍ അഡ്വക്കേറ്റ് വി. മുരുകദാസ് അധ്യക്ഷത വഹിച്ചു.
കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടര്‍ ബി അശോക്, ഡയറക്ടര്‍ ആര്‍ സുകു, കളമശേരി നഗരസഭ പ്രതിപക്ഷ നേതാവ് ടി എ അസൈനാര്‍, വാര്‍ഡ് കൗണ്‍സിലര്‍ മിനി കരീം, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ  കെ ബി വര്‍ഗീസ്, എസ് രമേശന്‍, പി കെ നിയാസ്, ജമാല്‍ മണക്കാടന്‍, പി എം എ ലത്തീഫ്, പ്രമോദ് കുമാര്‍, ചീഫ് എന്‍ജിനീയര്‍ എംഎ ടെന്‍സന്‍ എന്നിവര്‍ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top