21 November Thursday

വൈദ്യുതിനിരക്ക്‌ പരിഷ്‌കരണം : റഗുലേറ്ററി കമീഷൻ തെളിവെടുത്തു

സ്വന്തം ലേഖകൻUpdated: Friday Sep 6, 2024

എറണാകുളം ടൗൺഹാളിൽ നടന്ന തെളിവെടുപ്പിൽ വൈദ്യുതി റഗുലേറ്ററി കമീഷൻ ചെയർമാൻ ടി കെ ജോസ് അഭിപ്രായങ്ങള്‍ കേൾക്കുന്നു


കൊച്ചി
നിരക്ക്‌ പരിഷ്‌കരിക്കുന്നതിന്‌ കെഎസ്‌ഇബി സമർപ്പിച്ച ശുപാർശകളിൽ വൈദ്യുതി റഗുലേറ്ററി കമീഷൻ തെളിവെടുത്തു. 2024 ജൂലൈ ഒന്നുമുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്ക് നിരക്ക് പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശുപാർശകളിൽ എറണാകുളത്ത്‌ നടത്തിയ തെളിവെടുപ്പിൽ നിരവധി ഉപഭോക്താക്കളും വിവിധ സംഘടനാപ്രതിനിധികളും പങ്കെടുത്തു.

നിരക്കുപരിഷ്‌കരണ ശുപാർശകളെ പലരും എതിർത്തു. ഇതേസമയം 250 യൂണിറ്റിനുമുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനുമുകളിൽ കണക്ടഡ്‌ ലോഡുള്ള ചെറുകിടവ്യവസായങ്ങൾക്കും പകൽസമയത്തെ വൈദ്യുതിനിരക്കിൽ പത്ത്‌ ശതമാനം കുറവ്‌ നൽകണമെന്ന ശുപാർശയെ സ്വാഗതം ചെയ്‌തു. ബോർഡിന്റെ ചെലവ്‌ ചുരുക്കണമെന്നും വിവിധ മാർഗങ്ങളിലൂടെ വരുമാനം വർധിപ്പിക്കണമെന്നും അഭിപ്രായങ്ങളുണ്ടായി. തെളിവെടുപ്പുകൾ എല്ലാ ജില്ലകളിലും നടത്തണമെന്നും ആവശ്യമുയർന്നു.

നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചും കണക്കുകൾ കൃത്യമായി പരിശോധിച്ചുമാകും നിരക്കുപരിഷ്‌കരണത്തിൽ തീരുമാനമെന്ന്‌ കമീഷൻ വ്യക്തമാക്കി. ഉപഭോക്താവിന്‌ സ്വയം മീറ്റർ റീഡിങ്‌ നടത്തുന്നതിന്‌ സെൽഫ്‌ റീഡിങ്‌, ആവശ്യപ്പെടുന്നവർക്ക്‌ വൈദ്യുതി ബിൽ മലയാളത്തിൽ തുടങ്ങിയ ആവശ്യങ്ങൾ പരിശോധിക്കും. ശുപാർശകളടങ്ങിയ റിപ്പോർട്ട്‌ കൃത്യമായി പഠിച്ചശേഷമാകണം അഭിപ്രായങ്ങൾ നൽകേണ്ടതെന്നും കമീഷൻ നിർദേശിച്ചു.
കമീഷൻ ചെയർമാൻ ടി കെ ജോസിന്റെ നേതൃത്വത്തിൽ നടന്ന ഹിയറിങ്ങിൽ ടെക്‌നിക്കൽ മെമ്പർ ബി പ്രദീപ്, ലീഗൽ മെമ്പർ എ ജെ വിൽസൺ എന്നിവരും പങ്കെടുത്തു.

കെഎസ്ഇബിയുടെ ശുപാർശകളിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും kserc@erckerala.org എന്ന ഇ–--മെയിൽവഴിയും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ, കെപിഎഫ്‌സി ഭവനം, സി വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം–- 695010 വിലാസത്തിലേക്ക് തപാൽവഴിയും പത്തിന്‌ വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ശുപാർശകളുടെ പകർപ്പ് www.erckerala.orgൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top