പാലക്കാട് > കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ശിവരാമന്റെ കുടുംബത്തിന് സർക്കാർ അനുവദിച്ച അഞ്ച് ലക്ഷം രൂപ എ പ്രഭാകരൻ എംഎൽഎ കൈമാറി. ബാക്കി അഞ്ച് ലക്ഷം ഉടൻ കൈമാറും. മൂന്ന് ദിവസമായി പ്രദേശത്തുണ്ടായിരുന്ന ആനയെ തുരത്താനാകാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിപിഐ എം നേതാക്കൾ ഡിഎഫ്ഒയോട് ആവശ്യപ്പെട്ടു. നടപടിയെടുക്കാമെന്ന് ഡിഎഫ്‌ഒ കുറെ ശ്രീനിവാസ് ഉറപ്പ് നൽകി.
പുതുപ്പരിയാരത്ത്നിന്ന് കാട്ടാനയെ വനംവകുപ്പാണ് തുരത്തി ധോണിയിൽ എത്തിച്ചത്. ധോണി മലനിരകളിലേക്ക് കയറ്റിവിടാനായിരുന്നു ശ്രമം. ആനയെ തുരത്തുമ്പോൾ അത് കടന്നു വരുന്ന വഴിയിൽ മുന്നറിയിപ്പ് നൽകുകയും വനംവകുപ്പ് ജീവനക്കാർ നിലയുറപ്പിക്കുകയും ചെയ്യണം. ധോണിയിൽ ഇതുണ്ടായില്ല. മൂന്ന്ദിവസമായി പ്രദേശത്തുണ്ടായിരുന്ന ആനയെ വ്യാഴാഴ്ച രാത്രിയോടെയാണ് മലകയറ്റാൻ ശ്രമം തുടങ്ങിയത്.
ജനവാസമേഖലകളിലൂടെ ആനയെ തുരത്തുമ്പോഴും മുന്നറിയിപ്പ് നൽകിയില്ല. അതാണ് പതിവുപോലെ ആളുകൾ രാവിലെ നടക്കാനിറങ്ങിയത്.
മാത്രമല്ല, സംഭവം വിളിച്ചറിയിച്ച നാട്ടുകാരോടും വനംവകുപ്പ് അധികൃതർ മോശമായി പെരുമാറി. ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി ഇ എൻ സുരേഷ് ബാബുവും എ പ്രഭാകരൻ എംഎൽഎയും ആവശ്യപ്പെട്ടു. സംഭവത്തിലെ വീഴ്ച ഡിഎഫ്ഒ വിശദമായി പരിശോധിക്കും. അതിനുശേഷമാകും നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..