18 December Wednesday

അണപൊട്ടിയൊഴുകി സന്തോഷം ; ജയയും രമേശനും പുതിയ വീട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


കളമശേരി
ഒരിക്കലും പൂർത്തിയാക്കാനാകില്ലെന്ന് കരുതിയ വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ച നിമിഷം ജയയ്ക്കും രമേശനും കണ്ണുനീരടക്കാനായില്ല. അണപൊട്ടിയൊഴുകിയ സന്തോഷത്തിൽ ഒപ്പമെത്തിയവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതിരുന്ന വള്ളിക്കുറ്റിപറമ്പിൽ വീട്ടിൽ രമേശനും (60) ജയയ്ക്കും (55) സംസ്ഥാന സർക്കാരിന്റെ എസ്‌സി വകുപ്പിൽനിന്ന് 2018ൽ സ്ഥലം വാങ്ങാൻ 4.5 ലക്ഷം രൂപ ലഭിച്ചു. വീടുവയ്ക്കാൻ മൂന്നുലക്ഷം രൂപയും അനുവദിച്ചു. ഏലൂർ വടക്കുംഭാഗത്ത് മൂന്നു സെന്റ്‌ വാങ്ങി. എന്നാൽ, രോഗിയായ രമേശിനും വീട്ടുജോലിചെയ്ത് കുടുംബം പുലർത്തുന്ന ജയയ്ക്കും ആദ്യഗഡു തുകകൊണ്ട് സർക്കാർ നിർദേശമനുസരിച്ച് വീടിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായില്ല. തുടർന്ന് വർഷങ്ങളായി തറ മാത്രമായി കിടക്കുകയായിരുന്നു വീട്. വിവരമറിഞ്ഞ സിപിഐ എം ആലിങ്ങൽ ബ്രാഞ്ച് സെക്രട്ടറി കെ എസ് സൈനുദുൻ നഗരസഭാ ചെയർമാൻ എ ഡി സുജിലിനെ അറിയിച്ചു. ചെയർമാന്റെ ഇടപെടലിൽ എസ്‌സി വകുപ്പിൽനിന്ന് ലഭിക്കാനുള്ള തുകയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സഹായമായി ഒരുലക്ഷം രൂപയും വീട്‌ നിർമാണത്തിന് ലഭിച്ചു.

പിന്നീട് സുമനസ്സുകളുടെ സഹായവും ചേർത്ത്‌ 600 ചതുരശ്രയടിയിൽ വീടുപണി പൂർത്തിയാക്കി. പാലുകാച്ചൽ ചടങ്ങിൽ ചെയർമാൻ എ ഡി സുജിൽ, കൗൺസിലർ സരിത പ്രസീദൻ, കെ എസ് സൈനുദീൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top