പാലക്കാട്> എസ്‌ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും വർഗീയ രാഷ്‌ട്രീയത്തിന്റെ അപകടകരമായ വിജയമാണ് പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലുണ്ടായതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു. ഇത് യുഡിഎഫിന്റെ രാഷ്‌ട്രീയ നിലപാടുകളുടെ വിജയമല്ല. വർഗീയ രാഷ്‌ട്രീയത്തെ കൂട്ടുപിടിച്ച് വോട്ട് വാങ്ങി വിജയിച്ച തെരഞ്ഞെടുപ്പാണിത്.
തുടക്കം മുതൽ എൽഡിഎഫ് പറഞ്ഞ ബിജെപി– കോൺഗ്രസ് ഡീൽ മറനീക്കി പുറത്തുവന്നു. നഗരസഭയിൽ മാത്രം ഏഴായിരത്തിലേറെ വോട്ടുകൾ ബിജെപി മറിച്ചുകൊടുത്തു. മണ്ഡലത്തിലാകെ പതിനായിരത്തിലധികം വോട്ടുകളാണ് യുഡിഎഫിലേക്ക് പോയത്. എസ്‌ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും പരസ്യമായി തന്നെ യുഡിഎഫിന്റെ വിജയത്തിനുവേണ്ടി വർഗീയ പ്രചാരണം നടത്തി നേടിയ വിജയമായിട്ടേ കാണാനാവൂ.
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയാലും ഇല്ലെങ്കിലും കൃഷ്‌ണകുമാറിനെതിരായ വലിയ വികാരം ബിജെപിക്കുള്ളിലുണ്ട്. സന്ദീപ് വാര്യർ പോയതുകൊണ്ട് വോട്ടെല്ലാം യുഡിഎഫിലേക്ക് പോയിട്ടൊന്നുമില്ല. കൃഷ്‌ണകുമാറും ഷാഫി പറമ്പിലും തമ്മിലുള്ള ഡീലിന്റെ ഭാഗമായി തൃശൂർ ബിജെപിക്ക് കൊടുത്തപ്പോൾ പകരം പാലക്കാട് കോൺഗ്രസിന് കൊടുക്കുകയാണുണ്ടായതെന്നും ഇ എൻ സുരേഷ്‌ബാബു മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..