തിരൂർ (മലപ്പുറം)> കരുവന്നൂർ സഹകരണ ബാങ്ക് കേസ് ഇഡി കെട്ടിച്ചമച്ചതാണെന്ന് ഹൈക്കോടതി വിധിയിലൂടെ തെളിഞ്ഞതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. സംസ്ഥാന സർക്കാർ പറഞ്ഞത് ശരിയാണെന്ന് കോടതി ശരിവച്ചിരിക്കുകയാണ്. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ഒരുവർഷംമുമ്പ് അറസ്‌റ്റ് ചെയ്‌ത രണ്ട് പ്രതികൾക്കെതിരെ തെളിവ് ഹാജരാക്കാൻ കഴിയാത്തതിനാൽ വിട്ടയക്കേണ്ടിവരുമെന്നാണ് കോടതി പറഞ്ഞത്. ഇത് ഇഡിയുടെ മുഖത്തേറ്റ അടിയാണ്. നേരത്തെ ബാങ്കുകളിൽനിന്ന് പിടിച്ചെടുത്ത ആധാരം ഉൾപ്പെടെ തിരിച്ചുനൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന ഒരുരേഖയും ഹാജരാക്കാൻ ഇഡിക്ക് സാധിച്ചിട്ടില്ല.
കരുവന്നൂർ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയത് സഹകരണ വകുപ്പാണ്.
16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ക്രിമിനൽ കേസെടുത്തു. ഡയറക്ടർമാരുടെ സ്വത്തുകൾ അറ്റാച്ച് ചെയ്യാൻ നടപടി സ്വീകരിച്ചു. ഈ ഘട്ടത്തിലാണ് രാഷ്‌ട്രീയ ലക്ഷ്യങ്ങളുമായി ഇഡി വന്നത്. കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനാണ് ശ്രമം. സംരക്ഷണ കവചം തീർത്ത് അഭിമാന നേട്ടം കൈകവരിക്കാൻ കേരളത്തിന് സാധിച്ചു. ക്രമക്കേട് തടയാൻ നിയമഭേദഗതികൊണ്ടുവന്നു. സഹകരണ സംരക്ഷണ നിധി നടപ്പാക്കി. എസ്‌സി, എസ്‌ടി സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിച്ചു. പുതിയ തൊഴിൽ സൃഷ്ടിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചു. സ്‌ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന സഖി പദ്ധതി നടപ്പാക്കി.
വ്യവസായ വകുപ്പുമായി ചേർന്ന് വ്യവസായ പാർക്കുകൾ ആരംഭിക്കും. സബ്‌സിഡി നൽകി വനിതാ സംരംഭകരെ കൈപിടിച്ചുയർത്തും. കാർഷിക മേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിൽക്കാൻ ശീതീകരിച്ച വാഹനങ്ങൾക്ക് വായ്‌പ അനുവദിക്കാൻ കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും ചേർന്ന് പദ്ധതി തയ്യാറാക്കി. വികസന പ്രവർത്തനങ്ങളിൽ സഹകരണ മേഖലയും തദ്ദേശ സ്ഥാപനങ്ങളും കൈകോർക്കുന്നതിന് ബില്ലിൽ വ്യവസ്ഥചെയ്‌തു. വിനോദസഞ്ചാര മേഖലയിലും സഹകരണ വകുപ്പ് കൈകോർക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..