27 December Friday

'പുസ്തകത്തിന്റെ പകര്‍പ്പവകാശം ആര്‍ക്കും നല്‍കിയിട്ടില്ല, തനിക്കെതിരെ നടക്കുന്ന നീക്കം പാര്‍ട്ടിയെ തകര്‍ക്കാന്‍'- ഇ പി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

തിരുവനന്തപുരം> ആത്മകഥ എന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങള്‍ ആസൂത്രിതമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍.ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പിന്നീട് മറ്റുള്ളവര്‍ വാര്‍ത്ത കൊടുത്തു. ടൈംസ് ഓഫ് ഇന്ത്യ കൊടുത്തു എന്നൊരു സുരക്ഷിതത്വം നിങ്ങള്‍ക്കുണ്ടായതിനാല്‍ നിങ്ങളും കൊടുത്തു-ഇപി പ്രതികരിച്ചു

ടൈംസ് ഓഫ് ഇന്ത്യ എന്തടിസ്ഥാനത്തിലാണ് വാര്‍ത്ത കൊടുത്തത്. ഒരു വസ്തുതയുമില്ലാത്ത വാര്‍ത്ത സംസ്ഥാനത്തെ എല്ലാ മാധ്യമത്തിലും പ്രചരിപ്പിച്ചു.  അതും മൂന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍. അതില്‍ രണ്ടിടത്ത് തെരഞ്ഞടുപ്പ് നടക്കുന്ന ദിവസം. ഇത് കേരളത്തിലെ ആദ്യത്തെ സംഭവമാണോ- ഇപി ചോദിച്ചു.

എഴുതിപൂര്‍ത്തിയാവാത്ത പുസ്തകത്തില്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതിചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്നും ഇപി ജയരാജന്‍ ചോദിച്ചു. താന്‍ ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ലെന്നും വളരെയടുത്ത ബന്ധമുള്ള മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ എഴുതിയ കാര്യങ്ങള്‍ ഏല്‍പിച്ച് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു.

എഡിറ്റ് ചെയ്യാന്‍ ഏല്‍പിച്ച മാധ്യമപ്രവര്‍ത്തകന്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആത്മകഥ ചോര്‍ന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്സിനാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടക്കുന്ന നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും ഇ.പി  പ്രതികരിച്ചു.

'പുസ്തകത്തിന്റെ പകര്‍പ്പവകാശം ആര്‍ക്കും നല്‍കിയിട്ടില്ല. ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ല. സാധാരണ പ്രസാധകര്‍ പാലിക്കേണ്ടതായ ഒരുപാട് നടപടിക്രമങ്ങള്‍ ഉണ്ട്. ഇതില്‍ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഞാനെഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവാര്‍ത്ത ഡി.സി ബുക്സിന്റെ ഫേസ്ബുക്ക് പേജില്‍ ഞാന്‍ അറിയാതെ വന്നത് എങ്ങനെയാണ്? ആത്മകഥയുടെ പിഡിഎഫ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുക എന്നത് സാധാരണഗതിയില്‍ ഒരു പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. പുസ്തകത്തിന്റെ പിഡിഎഫ് പ്രചരിച്ചാല്‍ അത് വില്‍പനയെ ബാധിക്കില്ലേ? പ്രസാധക സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള എന്തെങ്കിലും നടപടി സ്വീകരിക്കുമോ? തികച്ചും ആസൂത്രിതമാണത്. '

പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചാ വിവാദത്തിലും ഇപി പ്രതികരിച്ചു. '2023-ന്റെ തുടക്കത്തിലാണ് പ്രകാശ് ജാവദേക്കര്‍ പോകുന്ന വഴിയേ എന്നെ പരിചയപ്പെടാന്‍ ഞാനുള്ള സ്ഥലത്ത് വന്നത്. ബിജെപിയുടെ ഒരു പ്രധാനപ്പെട്ട ചുമതലക്കാരനായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി, ചെന്നിത്തല, വി.ഡി സതീശന്‍ തുടങ്ങിയ എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും കണ്ടിട്ടുണ്ടെന്നും പരിചയപ്പെടാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍ നല്ലത്, സന്തോഷം എന്നു പറഞ്ഞുകൊണ്ട് അഞ്ചുമിനിറ്റിനുള്ളില്‍ പിരിഞ്ഞു. വാര്‍ത്ത വന്നത് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എന്നാണ്.' ബോധപൂര്‍വം വാര്‍ത്ത സൃഷ്ടിച്ചുകൊണ്ട് പാര്‍ട്ടിക്ക് അകത്തും പുറത്തും തന്നെ ആക്രമിക്കുക എന്ന ആസൂത്രിത പദ്ധതിയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസിയും മാതൃഭൂമിയും ഫോണില്‍ ബന്ധപ്പെട്ടു. ഇരുവരോടും പൂര്‍ത്തിയായ ശേഷം എന്ത് വേണമെന്ന് ആലോചിച്ച് ചെയ്യാമെന്നാണ് പറഞ്ഞത്

പുസ്തക വിവാദത്തില്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ എവി ശ്രീകുമാറിനെ ഡിസി ബുക്സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം നടപടിയെടുത്തത്.

പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ ഇപി ജയരാജനുമായി കരാറുണ്ടാക്കിയിട്ടില്ലെന്നാണ് ഡിസി ബുക്‌സ് ഉടമ ഡിസി രവി പോലീസിന് നല്‍കിയ മൊഴി. ഇതിന് പിന്നാലെയായിരുന്നു നടപടി. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടേ ഡിസി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് ഡിസി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വിശദീകരണവും നല്‍കിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top