19 December Thursday

ഇപിഎഫ്‌ഒ ഹയർ ഓപ്‌ഷൻ ; കടമെടുത്ത്‌ പണമടച്ചവരടക്കം ആശങ്കയിൽ

പ്രത്യേക ലേഖകൻUpdated: Tuesday Nov 19, 2024


തിരുവനന്തപുരം
വേതനത്തിന് ആനുപാതികമായ (ഹയർ ഓപ്ഷൻ) പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഇപിഎഫ്‌ഒയുടെ നിഷേധാത്മക നിലപാട്‌ മൂലം കടമെടുത്ത്‌ വിഹിതം അടച്ചവരടക്കം പതിനായിരക്കണക്കിന്‌ പിഎഫ്‌ പെൻഷൻകാർ ആശങ്കയിൽ.

2014 സെപ്തംബർ വരെ സർവീസിൽ തുടരുകയും ശേഷം വിരമിക്കുന്നവർക്ക് ഹയർ ഓപ്ഷൻ പെൻഷൻ, 2014 സെപ്‌തംബർ മുതൽ പുതുതായി സർവീസിൽ പ്രവേശിക്കുന്നവർ 15000 രൂപയ്‌ക്കുമേൽ ശമ്പളക്കാരായാൽ അവരെ ഒഴിവാക്കുന്നതുമായിരുന്നു 2022 നവംബർ നാലിലെ വിധി. അത്‌ നടപ്പാക്കുന്നതിനു പകരം 2014 മുമ്പ്‌ സർവീസിൽ ഉണ്ടായിരുന്നവർ വിവിധ കോടതി വിധികളിലൂടെ നേടിയെടുത്ത ഹയർ ഓപ്ഷൻ പെൻഷൻ വെട്ടിക്കുറയ്‌ക്കുന്നതിനാണ് ഇപിഎഫ്ഒ മുൻഗണന നൽകിയതെന്ന്‌ പെൻഷൻ സംഘടനകൾ ആരോപിച്ചു. ഹയർ പെൻഷൻ നൽകാനുള്ള പ്രവർത്തനങ്ങൾക്കായി ആവശ്യത്തിന് സ്‌റ്റാഫില്ലെന്ന്‌ പറയുന്ന ഇപിഎഫ്‌ഒയിൽ കോടതി നിർദ്ദേശം ഇല്ലാതിരുന്നിട്ടും പെൻഷൻ വെട്ടിക്കുറയ്‌ക്കുന്നതിന്‌ ആവശ്യംപോലെ ജീവനക്കാരുണ്ട്‌. വലിയ പലിശയ്‌ക്ക്‌ വായ്‌പയെടുത്ത കോടിക്കണക്കിന് രൂപയാണ്‌ ഹയർ പെൻഷനുവേണ്ടി പെൻഷൻകാരിൽനിന്നടക്കം ഇപിഎഫ്ഒ വാങ്ങിവച്ചിട്ടുള്ളത്‌. പെൻഷൻ വൈകുന്നതും കുടിശ്ശികയ്‌ക്ക്‌ പലിശ നൽകാത്തതും പെൻഷൻകാർക്ക്‌ വൻ നഷ്ടമുണ്ടാക്കുന്നു.

വർഷാവർഷം ഫണ്ടിൽ ലഭിക്കുന്ന പലിശയുടെ മൂന്നിലൊന്നു പോലും രാജ്യത്തെ 76 ലക്ഷം പേർക്ക് പെൻഷൻ വിതരണത്തിനായി ചെലവഴിക്കുന്നുമില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ്‌ സുപ്രീംകോടതി ഉത്തരവും അട്ടിമറിക്കുന്നത്‌.  23 ലക്ഷം പേർക്കും പ്രതിമാസം ആയിരം പോലും തികച്ചു കിട്ടുന്നില്ല. വിഷയത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതൃത്വവും അടിയന്തരമായി ഇടപെടണമെന്ന്‌ പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ടി പി ഉണ്ണിക്കുട്ടി, ജനറൽ സെക്രട്ടറി ഡി മോഹനൻ എന്നിവർ അഭ്യർഥിച്ചു.

ഇപിഎഫ്‌ സിബിടി യോഗം 30ലേക്ക്‌ മാറ്റി
ഇപിഎഫ്‌ സെൻട്രൽ ബോർഡ്‌ ഓഫ്‌ ട്രസ്‌റ്റീസ്‌(സിബിടി) യോഗം 30ലേക്ക്‌ മാറ്റി. 23ന്‌ ചേരാനിരുന്നതാണ്‌. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പെൻഷൻ ഉറപ്പാക്കുന്നതിൽ വരുത്തുന്ന കാലതാമസം ഉൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. സിബിടി യോഗത്തിന്‌ മുന്നോടിയായി ഇപിഎഫ്‌ഒ സെൻട്രൽ ബോർഡ്‌ എക്‌സിക്യൂടീവ്‌ കമ്മിറ്റിയോഗം നേരത്തെ ചേർന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top