തിരുവനന്തപുരം > സംസ്ഥാനത്തെ കെട്ടിട നിർമാണ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കാൻ തൊഴിലാളി സംഘടനകൾ മുന്നോട്ട് വരണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കേരള വനിതാ കമ്മീഷൻ കോഴിക്കോട് പുതിയറയിൽ സംഘടിപ്പിച്ച 'കേരളത്തിലെ കെട്ടിട നിർമാണ മേഖലയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ' പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അധ്യക്ഷ.
എല്ലാ തൊഴിലാളി യൂണിയനുകളിലും സ്ത്രീക്കും പുരുഷനും ഒരേ അംഗത്വം തന്നെയാണ് ഉള്ളത്. എന്നാൽ നിർമാണ മേഖലയിൽ സ്ത്രീകൾക്ക് കുറഞ്ഞ കൂലി നൽകുന്നതിനെ എതിർത്ത് മുന്നോട്ടുവരുന്ന ഒരു സംഘടനയെയും കണ്ടിട്ടില്ല. ഈ സാഹചര്യം മാറണം. അതിനായി രാഷ്ട്രീയ ഭേദമന്യേ സ്ത്രീകൾ മുന്നോട്ടുവരണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.
കായികമായി വളരെയേറെ അധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യുന്ന സ്ത്രീകൾക്കും നിർമാണ മേഖലയിൽ തുല്യവേതനം ലഭ്യമാകുന്നില്ല എന്ന കാര്യം തൊഴിലാളി സംഘടനകൾ ചർച്ച ചെയ്യേണ്ടതുണ്ട്. പ്രതിഫലത്തിലുള്ള അന്തരം കുറയ്ക്കാനും സ്ത്രീയുടെ അധ്വാനത്തിന് അർഹമായ പ്രതിഫലം ഉറപ്പുവരുത്തുന്നതിനുള്ള സാഹചര്യം ഒരുക്കാനും തൊഴിലാളി സംഘടനകൾ മുന്നോട്ടു വരേണ്ടതുണ്ടെന്നും അഡ്വ. പി സതീദേവി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..