22 December Sunday

എറണാകുളം മാർക്കറ്റ്‌ ഓണത്തിന്‌ തുറക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


കൊച്ചി
കേരളത്തിന്റെ വാണിജ്യതലസ്ഥാനമെന്ന പെരുമയ്‌ക്ക്‌ മോടികൂട്ടുന്ന എറണാകുളം അത്യാധുനിക മാർക്കറ്റ്‌ സമുച്ചയത്തിന്റെ ഉദ്‌ഘാടനം ഉടൻ. ഓണത്തോടനുബന്ധിച്ച്‌ ഉദ്‌ഘാടനം നടത്താൻ കഴിയുംവിധത്തിൽ അവസാനഘട്ട പ്രവൃത്തികൾ  പുരോഗമിക്കുകയാണ്‌. നിലവിൽ സമുച്ചയത്തിന്റെ 80 ശതമാനവും പൂർത്തിയായി. പ്രധാനമായും ലിഫ്‌റ്റ്‌ സ്ഥാപിക്കുന്നതാണ്‌ ശേഷിക്കുന്നത്‌. അഞ്ച്‌ ലിഫ്‌റ്റുകളിൽ രണ്ടെണ്ണം ഈയാഴ്‌ച സ്ഥാപിക്കും. സിവ്‌റേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റി (എസ്‌ടിപി)നുള്ള നിരാക്ഷേപപത്രവും (എൻഒസി), വൈദ്യുതി, അഗ്നി രക്ഷാസേന അനുമതികളും ലഭിക്കാനുണ്ട്‌. ഇത്‌ ഉടൻ ലഭിക്കുമെന്നാണ്‌ കണക്കുകൂട്ടൽ. പെയിന്റിങ്ങും നടക്കുന്നു.

കോർപറേഷന്റെ നിശ്ചയദാർഢ്യക്കരുത്തിലാണ്‌ സ്‌മാർട്ട്‌ സിറ്റി പദ്ധതിയിൽ അത്യാധുനിക മാർക്കറ്റ്‌ സമുച്ചയം ഉയർന്നത്‌. സിഎസ്‌എംഎല്ലിന്റെ നേതൃത്വത്തിലാണ്‌ നിർമാണം. നഗരത്തിലെ ആദ്യത്തെ മൾട്ടിലെവൽ കാർ പാർക്കിങ്ങും (എംഎൽപി) ഇവിടെയാണ്. 120 കാറുകൾക്കും 100 ബൈക്കുകൾക്കും പാർക്ക് ചെയ്യാം.  24.65 കോടി രൂപ മുതൽമുടക്കുള്ള എംഎൽപിയുടെ പ്രാരംഭപ്രവൃത്തികൾ തുടങ്ങി. 

കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലാണ് മാർക്കറ്റ്. ഗ്രൗണ്ടിനുപുറമെ മൂന്നു നിലകളുണ്ട്‌. 19,990 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് സമുച്ചയം. മൊത്തം 1. 63 ഏക്കറാണ് പ്ലോട്ട് ഏരിയ. 72.69 കോടിയാണ് പദ്ധതിച്ചെലവ്. ഗ്രൗണ്ട്, ആദ്യനിലകളിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, മുട്ട തുടങ്ങിയ സ്റ്റാളുകൾ, സ്റ്റേഷനറി, കയർ, കൊട്ട, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിൽപ്പനയ്ക്കുള്ള സ്റ്റാളുകളാണ്‌. രണ്ടാമത്തെയും മൂന്നാമത്തെയും നിലകൾ തുറന്ന നിലയാകും. ഇത്‌ പൂർണമായും വാണിജ്യ ഇടമായി ഉപയോഗിക്കാനാകും. ഒന്നാംനിലയിൽ ലോഡിങ്‌, അൺലോഡിങ്‌ ഏരിയയുണ്ട്‌. താഴത്തെനിലയിൽനിന്ന്‌ ഒന്നാംനിലയിലേക്ക് റാംപിലൂടെ വാഹനം കയറ്റാം. മാലിന്യം സംസ്കരിക്കാൻ ഓർഗാനിക് വേസ്റ്റ് കംപോസ്റ്റർ പ്ലാന്റുമുണ്ട്‌. കച്ചവടക്കാർക്ക്‌ പ്രയാസമുണ്ടാകാതിരിക്കാൻ താൽക്കാലിക മാർക്കറ്റ്‌ ഒരുക്കി കച്ചവടസ്ഥാപനങ്ങൾ മാറ്റിയാണ്‌ നവീകരണം നടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top