ആലപ്പുഴ > വൈദ്യുത ചാർജിങ് സ്‌റ്റേഷനുകളിൽ മൂന്നാംകക്ഷി ആപ്പുകളുടെ സഹായം കൂടാതെ വാഹന ചാർജിങ് അനായാസമാക്കാൻ കെഎസ്ഇബി. യുപിഐ സംവിധാനത്തിലൂടെ ഉപഭോക്താവിന് നേരിട്ട് പണം നൽകാം. ചാർജിങ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി എറണാകുളം പാലാരിവട്ടത്തെ ബോർഡിന്റെ സ്‌റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ സാങ്കേതികവിദ്യ പരിഷ്‌കരിക്കും. ഇവിടെ സ്ഥാപിച്ച ഒന്നാംതലമുറ ചാർജിങ് സംവിധാനം ഡിസി–-001 ചാർജറിന് പകരം ആധുനിക 30 കിലോവാട്ട് സിംഗിൾ-ഗൺ സിസിഎസ്–-2 ചാർജർ സ്ഥാപിക്കും. ഏറ്റവും പുതിയ വാഹനങ്ങളിലടക്കം ഉപയോഗിക്കാനാകുന്നതും കൂടുതൽ കാര്യക്ഷമവുമാണിത്.
മൊബൈൽ ആപ്പുകളുടെയും ഇ–-വാലറ്റുകളുടെയും സഹായമില്ലാതെ ചാർജിങ് സാധ്യമാക്കുന്ന ഏകീകൃത സംവിധാനവും സ്ഥാപിക്കും. രാജ്യത്തുതന്നെ ആദ്യമായി പരീക്ഷിക്കപ്പെടുന്ന സാങ്കേതികവിദ്യ മാറ്റം കെഎസ്‌ഇബിക്ക് ഒരുരൂപയുടെ പോലും സാമ്പത്തിക ബാധ്യതയില്ലാതെയാകും നടപ്പാക്കുക. ഇലക്‌ട്രോണിക് വ്യാവസായിക നിർമാണ മേഖലയിലെ വമ്പനായ ജർമൻ കമ്പനി സീമെൻസിന്റെ സഹകരണത്തോടെയാകും ഭാവിയെ കരുതിയുള്ള ആധുനികവൽക്കരണ പദ്ധതി. ഒരുവർഷം പരീക്ഷണകാലം. മികവ് ബോധ്യപ്പെട്ടാൽ സംസ്ഥാനത്തെ മുഴുവൻ ചാർജിങ് സ്‌റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.
നിലവിൽ കെഎസ്‌ഇബിയുടെ ചാർജിങ് സ്‌റ്റേഷനുകളിൽ ബോർഡിന്റെ ആപ്പും സ്വകാര്യ ചാർജിങ് സ്‌റ്റേഷനുകളിൽ സ്വകാര്യ ആപ്പുകളും ഉപയോഗിച്ച് പണം അടച്ചാണ് വാഹനം ചാർജ് ചെയ്യുന്നത്. പണം ആപ്പുകളുടെ അക്കൗണ്ടുകളിലെത്തി പിന്നീട് ഉടമയ്‌ക്ക് ലഭിക്കും. യുപിഐ ആപ്പുകളിലൂടെ ഉപഭോക്താവിന് നേരിട്ട് പണം നൽകാൻ കഴിയുന്നതോടെ ചാർജിങ് സ്‌റ്റേഷനും ഉപഭോക്താവിനും ഇടയിൽ മൂന്നാംകക്ഷി ആപ്പുകളുടെ സാന്നിധ്യം ഒഴിവാകും. സാധാരണയായി കടകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിൽ സേവനദാതാവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ലഭിക്കുന്ന രീതിയിലാകും ക്രമീകരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..