കോട്ടയം > രാത്രി ചാരായം വാറ്റിയ സംഘത്തെ സാഹസികമായി പിടികൂടി. പിടികൂടാൻ ചെന്ന എക്‌സൈസ് സംഘത്തിന് നേരെ നായ്‌ക്കളെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ പ്രതികളെ കീഴടക്കി. പേരൂർ തെള്ളകം പാറത്തടത്തിൽ വിനീത് ബിജു(26), വൈക്കം ഉദയനാപുരം വെട്ടുവഴിയിൽ വി എം കണ്ണൻ(32), തെള്ളകം മാമ്പറമ്പിൽ എം എസ് അമൽ എന്നിവരെയാണ് എക്‌സൈസ് പിടിച്ചത്. തെള്ളകം പാറത്തടത്തിൽ ഹരിപ്രസാദിന്റെ(ഉണ്ണി) വീട് കേന്ദ്രമാക്കിയാണ് ചാരായം വാറ്റിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളി പുലർച്ചെ 1.30ന് വീട്ടിൽ നടത്തിയ റെയ്ഡിൽ മൂന്ന് ലിറ്റർ ചാരായം, 75 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ എന്നിവ പിടികൂടികയായിരുന്നു. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ വളർത്തുനായ്‌ക്കളെ അഴിച്ചുവിട്ട് ഭയപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥർ നായ്‌ക്കളെ വരുതിയിലാക്കി മുള്ളുവേലി കടന്ന് വീട്ടിലെത്തി. വാറ്റിക്കൊണ്ടിരുന്ന വീട്ടുടമ ഉണ്ണി പ്രിവന്റീവ് ഓഫീസർ അനു വി ഗോപിനാഥിനെ തള്ളിവീഴ്ത്തി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ സയമം മറ്റുള്ളവരെ ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തി. ഇവരെ ഏറ്റുമാനൂർ റേഞ്ച് ഓഫീസിലേക്ക് മാറ്റി.
കോട്ടയം ഇഇ ആൻഡ് എഎൻഎസ്‌എസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ കെ ആർ ബിനോദ്, അനു വി ഗോപിനാഥ്, കോട്ടയം ഇഐ ആൻഡ് ഐബി പ്രിവന്റീവ് ഓഫീസർ രഞ്ജിത് കെ നന്തികാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹാംലെറ്റ്, രജിത്കൃഷ്ണ, വിജയരശ്മി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വാറ്റ് ചാരായവുമായി എക്‌സൈസ് പിടികൂടിയവർ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..