22 December Sunday
ഹെെക്കോടതി അമിക്കസ്‌ ക്യൂറിയും പറഞ്ഞു

മുണ്ടക്കെെ ഉരുൾപൊട്ടൽ; അതിതീവ്ര ദുരന്തം

സ്വന്തം ലേഖികUpdated: Thursday Oct 31, 2024

കൊച്ചി> മുണ്ടക്കെെ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും നിർദേശിക്കണമെന്ന്‌  ഹെെക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി.

ഇതുസംബന്ധിച്ച റിപ്പോർട്ട് അമിക്കസ് ക്യൂറി രഞ്ജിത് തമ്പാൻ ഹൈക്കോടതിക്ക്‌ നൽകി. ദുരന്തത്തിൽ നഷ്ടമായ മനുഷ്യജീവനുകൾ, കന്നുകാലികൾ, വിളകൾ, മറ്റു സ്വത്തുവകകൾ, തകർന്ന പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നഷ്ടം കണക്കാക്കുമ്പോൾ അതിതീവ്ര ഗണത്തിൽ ഉൾപ്പെടുത്താമെന്ന്‌  റിപ്പോർട്ടിലുണ്ട്‌. ഹെെക്കോടതി സ്വമേധയാ പരിഗണിക്കുന്ന കേസിലാണിത്‌.

ഐക്യരാഷ്‌ട്ര സഭയുടെ ദുരന്തനിവാരണ മാനദണ്ഡപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി അതിതീവ്ര ദുരന്തങ്ങളെ സൂചിപ്പിക്കുന്ന എൽ 3 വിഭാഗത്തിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെയും ഉൾപ്പെടുത്താം. അങ്ങനെയെങ്കിൽ സംസ്ഥാനത്തിന് ദേശീയ ദുരന്ത പ്രതികരണനിധി (എൻഡിആർഎഫ്)യിൽനിന്നും അധിക അടിയന്തര ദുരിതാശ്വാസ സഹായം ലഭിക്കും.

എൻഡിആർഎഫിന്റെ പുനർനിർമാണ പദ്ധതിയിൽനിന്ന് പുനരധിവാസത്തിനായി സംസ്ഥാനത്തിന് അധികഫണ്ട് തേടാം. കൂടാതെ ലോകബാങ്ക്, എഡിബി തുടങ്ങിയ ഏജൻസികളിൽനിന്നും വിവിധ എൻജിഒകൾ വഴിയും അധിക പിന്തുണ ലഭിക്കും. ദുരന്തബാധിതരുടെ ബാങ്ക് വായ്‌പകൾ എഴുതിത്തള്ളാനും പുനരധിവാസം വേഗത്തിലാക്കാനും ഇതു സഹായമാകും. അപൂർവമായ ഒരുദുരന്തം സംഭവിക്കുകയാണെങ്കിൽ, അത് ദേശീയ ദുരന്തമായി കണക്കാക്കണമെന്ന പത്താം ധനകാര്യ കമീഷൻ അഭിപ്രായവും അമിക്കസ്‌ ക്യൂറി ശ്രദ്ധയിൽപ്പെടുത്തി. അത്തരം ദുരന്തങ്ങൾ കെെകാര്യം ചെയ്യാൻ കേന്ദ്രത്തിന്റെ അധികസഹായം ആവശ്യമാണ്.

പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ സാമ്പത്തിക തടസ്സങ്ങൾ മറികടക്കാൻ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ സഹകരിച്ച് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, കേന്ദ്ര–- സംസ്ഥാന സർക്കാരുകളിലെ ഓരോ വകുപ്പുകൾക്കും ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുക, അതിനുള്ള വാർഷിക ബജറ്റ് ഫണ്ടുകൾ ഉറപ്പാക്കുക എന്നീ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്‌ചക്കകം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. ജസ്റ്റിസ്‌ എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് ഹർജി നവംബർ 15ന് വീണ്ടും പരിഗണിക്കും. അതിതീവ്രദുരന്തമായി പരിഗണിച്ച്‌ സഹായം ഉടൻ ലഭ്യമാക്കണമെന്ന്‌ കേരള നിയമസഭയും ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top