03 November Sunday

വ്യാജ വാർത്ത തിരിച്ചറിയൽ പാഠ്യപദ്ധതിയിൽ ; ആദ്യം കേരളം ഇപ്പോൾ ബ്രിട്ടനും

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

അഞ്ചാം ക്ലാസ്സിലെ വിവരവിനിമയ സാങ്കേതികവിദ്യ പാഠപുസ്തകത്തിൽനിന്ന്


തിരുവനന്തപുരം
കേരളത്തിലെ കുട്ടികളെ പറ്റിക്കാമെന്ന് കരുതണ്ട, ഓൺലൈനിൽ വരുന്ന വ്യാജ വാർത്തകൾ അവർ തിരിച്ചറിയും.  സംസ്ഥാന സിലബസിൽ അഞ്ച്, ഏഴ് ക്ലാസുകളിലെ പരിഷ്കരിച്ച പാഠ്യപദ്ധതി അതിന്‌ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തരത്തിലാണ്. ഇപ്പോൾ ബ്രിട്ടനും സമാനമായി പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. ഓൺലൈൻ ഉള്ളടക്കം ക്ലാസ്‌മുറിയിൽ വിശകലനം ചെയ്യുന്നതരത്തിൽ പ്രൈമറി, സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിനാണ്  ബ്രിട്ടൻ ഒരുങ്ങുന്നത്. സമൂഹമാധ്യമങ്ങളിലെ തെറ്റായ വിവരങ്ങൾ യുകെയിൽ വംശീയ കലാപം ആളിക്കത്തിച്ച സാഹചര്യത്തിലാണ് നടപടിയെന്ന്‌ ബ്രിട്ടൻ വിദ്യാഭ്യാസ മന്ത്രി ബ്രിജിറ്റ് ഫിലിപ്സൺ അറിയിച്ചു.

കേരളത്തിൽ അഞ്ച്, ഏഴ് ക്ലാസുകളിലെ ഐസിടി (വിവര വിനിമയ സാങ്കേതികവിദ്യ) പാഠപുസ്തകങ്ങളിലാണ്‌ "ഫാക്ട് ചെക്കിങ്' ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കണം എന്നത്‌ സംബന്ധിച്ചും സ്ക്രീൻ സമയം നിയന്ത്രിക്കാനുമുള്ള നിർദ്ദേശങ്ങൾ പുസ്‌തകങ്ങളിലുണ്ട്‌. ലഭിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇത്തരം വിവരങ്ങൾ നൽകുന്നവരെ അവയുടെ ഭവിഷ്യത്ത് ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതിനെക്കുറിച്ചും ഉള്ളടക്കങ്ങളുടെ പകർപ്പവകാശത്തെക്കുറിച്ചും പാഠപുസ്തകത്തിലുണ്ട്.

നേരത്തെ 'സത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് വ്യാജവാർത്തകൾ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പരിശീലനം കൈറ്റിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. 5920 പരിശീലകരുടെ സഹായത്തോടെയാണ് കുട്ടികൾക്ക് രാജ്യത്താദ്യമായി പരിശീലനം നൽകിയത്.


‘സത്യമേവ ജയതേ’യുടെ അനുഭവം ഉൾക്കൊണ്ടാണ് പുതിയ ഐസിടി പാഠപുസ്തകത്തിൽ വ്യാജവാർത്തകളും അത്തരം ഉള്ളടക്കങ്ങളും തിരിച്ചറിയാൻ കുട്ടികളെ പര്യാപ്തമാക്കുന്ന അധ്യായങ്ങൾ ഉൾപ്പെടുത്തിയത്‌. അടുത്ത വർഷം ആറ്‌, എട്ട്‌, ഒമ്പത്‌, പത്ത്‌ ക്ലാസുകളിലെ ഐസിടി പാഠപുസ്തകങ്ങൾ‍ മാറുമ്പോൾ വിവരസാങ്കേതിക  രംഗത്തെ ഏറ്റവും പുതിയ വിവരങ്ങൾകൂടി ഉൾപ്പെടുത്തും'
കെ അൻവർ സാദത്ത് കൈറ്റ് സിഇഒ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top