25 November Monday

മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത ; 
ഫാക്ടിൽ ഉൽപ്പാദനപ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


കളമശേരി
കഴിഞ്ഞ അഞ്ചുവർഷവും റെക്കോഡ് ഉൽപ്പാദനവും വിറ്റുവരവും ആർജിച്ച് വൻ വളർച്ച കൈവരിച്ച ഫാക്ടിൽ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം നിലവിൽ ഉൽപ്പാദനം നിലച്ച അവസ്ഥ. തുടർച്ചയായ നഷ്ടങ്ങൾക്കുശേഷമാണ് കഴിഞ്ഞ അഞ്ചുവർഷം ഫാക്ട്‌ 6600 കോടിയിലേറെ വരുന്ന സഞ്ചിത ആസ്തിയും 600 കോടിയിലധികം ലാഭവും സൃഷ്ടിച്ചത്.

പ്രധാന അസംസ്കൃതവസ്തുവായ ഫോസ്ഫോറിക് ആസിഡിന്റെ ദീർഘനാളത്തേക്കുള്ള ലഭ്യത ഉറപ്പുവരുത്താൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. പൂർണതോതിൽ ഉൽപ്പാദനം നടക്കണമെങ്കിൽ ദിവസം 600 ടൺ ഫോസ്ഫോറിക് ആസിഡ് ആവശ്യമാണ്. ആസിഡ്  ലഭ്യമല്ലാത്തതിനാൽ കൊച്ചിൻ ഡിവിഷൻ, ഉദ്യോഗമണ്ഡൽ ഡിവിഷൻ, പെട്രോകെമിക്കൽ ഡിവിഷൻ തുടങ്ങി എല്ലാ പ്രൊഡക്‌ഷൻ യൂണിറ്റുകളും സ്തംഭനാവസ്ഥയിലാണ്.ഇതുമൂലം ദക്ഷിണേന്ത്യയിൽ വ്യാപകമായി ഫാക്ടംഫോസ് വളത്തിന്‌ ക്ഷാമം നേരിട്ടിരിക്കുകയാണ്‌. വളം ലഭിക്കാതെ കർഷകർ മുറവിളി കൂട്ടുമ്പോഴും പ്രശ്നപരിഹാരത്തിന് മാനേജ്മെന്റ്‌ ഒരുനടപടിയും സ്വീകരിക്കുന്നില്ല.

ദക്ഷിണേന്ത്യയിലെ പ്രധാന പൊതുമേഖലാ സ്ഥാപനത്തിന് വന്നിട്ടുള്ള ദുരവസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന്‌ ഉയരുന്നത്. കേന്ദ്ര രാസവളം മന്ത്രാലയം ഇടപെട്ട് അടിയന്തരമായി ഫാക്ടിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്ത
മാണ്.
ജീവനക്കാർ സംയുക്തമായി സമരം പ്രഖ്യാപിച്ചതോടെ ചുവടുമാറ്റി എഫ്എസിടി മാനേജ്മെന്റ്‌. കമ്പനിയിൽ ഫോസ്ഫോറിക് ആസിഡ് എത്തിയെന്നും ഫാക്ടംഫോസിന്റെ ഉൽപ്പാദനം പുനരാരംഭിച്ചെന്നും വ്യാഴം വൈകിട്ട് തിരക്കിട്ട് ഇറക്കിയ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു. എന്നാൽ ഏതാനും ദിവസത്തേക്കുള്ള ഫോസ്ഫോറിക് ആസിഡ് ആണ് ലഭ്യമായതെന്നും കമ്പനിയുടെ അവകാശവാദത്തിൽ കഴമ്പില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻസമിതി നേതാക്കൾ പറഞ്ഞു.
സൂചനാധർണ ഇന്ന്

മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം ഫാക്ട്‌ ഉൽപ്പാദനപ്രതിസന്ധിയിലായ സാഹചര്യത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. തുടർസമരങ്ങളുടെ സൂചനയായി വെള്ളി രാവിലെ എട്ടുമുതൽ കമ്പനി ഗേറ്റിൽ ധർണ സംഘടിപ്പിക്കും. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള, എഐടിയുസി സംസ്ഥാന സെക്രട്ടറി പി രാജു, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ കെ കെ ഇബ്രാഹിംകുട്ടി, സിഐടിയു കേന്ദ്ര പൊതുമേഖലാ കോ–-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം ജി അജി എന്നിവർ പങ്കെടുക്കും. കേരളത്തിന്റെ പൊതുസമൂഹം ഒപ്പംനിൽക്കണമെന്ന് ഫാക്ട് സംയുക്ത സമരസമിതി നേതാക്കൾ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top