തൃശൂർ/കൊടുങ്ങല്ലൂർ
വർഷങ്ങളായി ദുബായിലുള്ള ഫൈസൽ ഫരീദ് കള്ളക്കടത്തിലേക്ക് തിരിഞ്ഞത് മറ്റു ബിസിനസുകൾ പൊളിഞ്ഞതോടെ. സ്വർണക്കടത്ത് കേസിൽ ദുബായ് പൊലിസിന്റെ പിടിയിലായ മൂന്നാംപ്രതി തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശി ഫൈസലിന് യുഎഇ, സൗദി, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ബിസിനസുണ്ട്. സൗദിയിൽ എണ്ണക്കച്ചവടം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിലവിൽ ദുബായിൽ ഗ്യാരേജ് നടത്തുകയാണ്. ചിലരുമായി ചേർന്ന് ജിംനേഷ്യം ക്ലബ്ബും നടത്തുന്നു. ബിസിനസുകൾ തകർച്ചയിലായതോടെയാണ് കള്ളക്കടത്തിലേക്ക് കടന്നത്. ദുബായിലെ എമിഗ്രേഷൻ വിഭാഗത്തിലും ദുബായ് ഇന്റർപോൾ ഉദ്യോഗസ്ഥരുമായും ബന്ധമുണ്ട്.
സാമ്പത്തിക പ്രശ്നങ്ങളിലാണ് ഫൈസലെന്ന് നാട്ടുകാർ പറഞ്ഞു. വർഷങ്ങൾക്കുമുന്നേ മൂന്നുപീടികയിലെ വീട് ഈടുനൽകി 14 ലക്ഷം രൂപ വായ്പയെടുത്തത് തിരച്ചടയ്ക്കാത്തതിനാൽ ജപ്തി നേരിടുകയാണ്. മൂന്നുപീടികയിലെ വീട് അടച്ചിട്ടാണ് ഭാര്യക്കും കുടുംബത്തോടൊപ്പം ദുബായിൽ കഴിയുന്നത്. കോൺഗ്രസ്, ബിജെപി, ലീഗ് തുടങ്ങിയ രാഷ്ട്രീയപാർടിക്കാരുമായി അടുത്ത ബന്ധമുള്ളതായി പറയുന്നു. ഇയാൾക്കെതിരെ കേരളത്തിൽ കേസുകൾ ഉള്ളതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. ഫൈസലിന്റെ ബാപ്പ തേപ്പറമ്പിൽ പരീദ് (67) മാർച്ച് 31ന് കോവിഡ് ബാധിച്ച് ദുബായിൽ മരിച്ചിരുന്നു.
ഫൈസലിനായി ജാമ്യമില്ലാ വാറന്റ്
സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിനെ പിടികൂടാൻ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനുള്ള അപേക്ഷ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യുഎഇയിൽനിന്ന് നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം അയച്ചത് ഫൈസൽ ഫരീദാണ്.
എൻഐഎയുടെ എഫ്‌ഐആറിൽ ഫൈസലിന്റെ പേര് തെറ്റായാണ് ചേർത്തിരുന്നത്. പ്രതിയുടെ പേരും മേൽവിലാസവും പുതുക്കാൻ കോടതി അനുമതി നൽകി. തൃശൂർ, കൈപ്പമംഗലം, പുത്തൻപള്ളി, തൈപ്പറമ്പിൽ ഫൈസൽ ഫരീദ് എന്നാണ് ശരിയായ വിലാസം. എഫ്‌ഐആറിൽ ഫാസിൽ ഫരീദ്, എറണാകുളം എന്നാണ് ചേർത്തിരുന്നത്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടാൻ ഇന്റർപോളിന്റെ ബ്ലൂ നോട്ടീസ് വേണം. അതിനായി ജാമ്യമില്ലാ വാറന്റ് വേണം. കോടതിയുടെ അനുമതിയോടെയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുക. എൻഐഎയുടെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..