22 December Sunday

എസ്എഫ്ഐക്കെതിരെ ആക്രമണം: നിർമല കോളേജിൽ പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ സമരം ചെയ്തെന്ന് വ്യാജപ്രചരണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

മൂവാറ്റുപുഴ > വീണ്ടും എസ്എഫ്ഐക്കെതിരെ വ്യാജപ്രചാരണം. മൂവാറ്റുപുഴ നിർമല കോളേജിൽ ഒരു പ്രത്യേക മതവിഭാ​ഗത്തിന് ആരാധന നടത്താനായി എസ്എഫ്ഐ സമരം ചെയ്‌തുവെന്നാണ് പുതിയ വ്യാജപ്രചാരണം. എന്നാൽ ചില വിദ്യാർഥികൾ പ്രാർഥന നടത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കവും തുടർന്ന് വിദ്യാർഥികൾ ചേർന്ന് നടത്തിയ പ്രതിഷേധവുമാണ് എസ്എഫ്ഐയുടെ തലയിൽ കെട്ടിവയ്ക്കുന്നതെന്ന് എസ്എഫ്ഐ പറഞ്ഞു. സംഘപരിവാർ, കാസ കേന്ദ്രങ്ങളാണ് എസ്എഫ്ഐയ്ക്കെതിരായ നുണപ്രചരണത്തിന് പിന്നിൽ. എസ്എഫ്ഐ നേതൃത്വത്തിലുൾപ്പെടുന്നവരോ പ്രവർത്തകരോ ആയ ആരും തന്നെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ എസ്എഫ്ഐയുടെ നേതൃത്വത്തിലായിരുന്നു സമരമെന്നാണ് പ്രചരിപ്പിക്കുന്നത്.

കേരളത്തിലെ ക്യാമ്പസുകൾ മതേതരമായി നിലനിർത്തുന്നതിന് വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്എഫ്ഐയെന്നും ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്എഫ്ഐയെന്നും സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു. മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്എഫ്ഐ സമരം സംഘടിപ്പിച്ചിട്ടില്ല.

രണ്ട് വിദ്യാർത്ഥികൾ പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും പ്രിൻസിപ്പാൾ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം എസ്എഫ്ഐയുടെ തലയിൽ കെട്ടിവെക്കുന്നത് സംഘപരിവാർ, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്. എസ്എഫ്ഐ ഏരിയാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ആ ക്യാമ്പസിൽ പഠിക്കുന്ന എസ്എഫ്ഐ നേതൃത്വം ആരും തന്നെ ആ സമരത്തിൻ്റെ ഭാഗമായിട്ടില്ല. സംഘപരിവാർ - കാസ നുണ ഫാക്‌ടറികളിൽ നിന്ന് പടച്ചു വിടുന്ന നുണ സോഷ്യൽ മീഡിയയിലെ ഇടത് പ്രൊഫൈലുകൾ ഉൾപ്പെടെ ഏറ്റെടുക്കുന്നത് ഖേദകരമാണ്. സത്യം തിരിച്ചറിയണമെന്ന് എസ്എഫ്ഐ പ്രസ്‌താവനയിലൂടെ അറിയിച്ചു.



 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top