06 October Sunday

ചോദ്യപേപ്പർ ചോർന്നെന്ന വാർത്ത വസ്തുതാവിരുദ്ധം; നിയമനടപടിക്കൊരുങ്ങി പിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

തിരുവനന്തപുരം > പിഎസ്‌സി ചോദ്യപേപ്പർ തലേ ദിവസം പിഎസ്‌സി വെബ്‌സൈറ്റിൽ" എന്ന തലക്കെട്ടോടെ  കേരളകൗമുദി പത്രത്തിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പിഎസ്‌സി. പരീക്ഷാ നടപടികൾ പൂർത്തികരിച്ചശേഷം ചോദ്യപേപ്പറും താൽക്കാലിക ഉത്തരസൂചികയും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഒക്ടോബർ 5 ന് ഉച്ചക്ക് 1.30 മുതൽ 3.30 വരെ നടന്ന വയനാട്, എറണാകുളം  ജില്ലകളിലേക്കുള്ള ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പറും താൽക്കാലിക ഉത്തരസൂചികകയും പരീക്ഷാ നടപടികൾ പൂർത്തികരിച്ചതിനു ശേഷമാണ്  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

ഗൂഗിൾ സെർച്ചിൽ ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച സമയം തെറ്റായി  കാണപ്പെട്ടത് സംബന്ധിച്ച് കമീഷന്റെ സാങ്കേതിക വിഭാഗം പരിശോധിച്ചു. ഗൂഗിളിന്റെ സെർച്ചിൽ കാണുന്ന ടൈം സ്റ്റാമ്പിൽ കൃത്യതയില്ലാതെ വരുമെന്നും പ്രസിദ്ധീകരിച്ച തീയ്യതിയിൽ അക്കാരണത്താൽ മാറ്റം സംഭവിക്കാമെന്നും ഗൂഗിൾ മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താലാണ് ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യഥാർത്ഥ സമയത്തിൽ മാറ്റം സംഭവിച്ചത്. ഈ വിഷയം ഗൂഗിളിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

ഗൂഗിളിൽ സെർച്ച് ചെയ്താൽ തന്നെ ടൈം സ്റ്റാമ്പിൽ ഇത്തരത്തിൽ കൃത്യതയില്ലാതെ വരാം എന്ന കാര്യം ആർക്കും ലഭ്യമാണെന്നിരിക്കെ അത്തരം പരിശോധന പോലും നടത്താതെയും വസ്തുതകൾ അന്വേഷിക്കാതെയും ചോദ്യപേപ്പർ തലേനാൾ പിഎസ്‌സി സൈറ്റിൽ എന്ന വാർത്ത നൽകിയത് അതീവ ഗൗരവമായാണ് കമീഷൻ കാണുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം കമീഷൻ പരിശോധിക്കുന്നതാണെന്നും പിഎസ്‌സി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top