26 December Thursday

നീലാകാശം പച്ചയാണ്‌!

പി വി ജീജോUpdated: Tuesday Sep 24, 2024

നുണവാർത്ത പടച്ചുണ്ടാക്കുക, നാട്ടിൽ വിഭാഗീയതയും സംഘർഷവും സൃഷ്ടിക്കുക, അതിലൂടെ യുഡിഎഫ്‌ തെരഞ്ഞെടുപ്പിൽ ജയിക്കുക. ഇതൊരു സിനിമാക്കഥയല്ല, മറിച്ച്‌ 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം സാക്ഷ്യംവഹിച്ച വ്യാജവാർത്താ നിർമിതിയുടെ ഫലപ്രാപ്തിയാണ്‌.

കോഴിക്കോട്‌ നാദാപുരത്ത്‌ മുസ്ലിം സ്ത്രീയെയും എട്ടുവയസ്സുകാരി മകളെയും സിപിഐ എമ്മുകാർ മാനഭംഗപ്പെടുത്തിയെന്നായിരുന്നു വ്യാജവാർത്ത. പച്ചക്കള്ളമെന്ന്‌ അറിഞ്ഞുകൊണ്ട്‌ മലയാള മനോരമയും മാതൃഭൂമിയും ചന്ദ്രികയും ആ കള്ളത്തിന്‌ അച്ചടിമഷി പുരട്ടി. നാദാപുരം തെരുവംപറമ്പിലെ നബീസുവിനെയും മകളെയും നിസ്കാരപ്പായയിലിട്ട്‌ മാർക്സിസ്റ്റുകാർ മാനഭംഗപ്പെടുത്തിയെന്ന്‌ പ്രചരിപ്പിച്ചു. മുസ്ലിം തീവ്രവാദികളായ എൻഡിഎഫ്‌ (ഇന്നത്തെ എസ്‌ഡിപിഐ) ആയിരുന്നു അണിയറയിൽ. കോൺഗ്രസും ലീഗും ഏറ്റുപിടിച്ചു. 2001 ജനുവരി രണ്ടാംവാരം ചന്ദ്രികയിലൂടെ തുടക്കമിട്ട കള്ളം മലയാള മനോരമയും മാതൃഭൂമിയും മത്സരിച്ചു നൽകി.

സോണിയാ ഗാന്ധിയെക്കൊണ്ട്, "ഇര’യ്ക്ക് സഹായം കൊടുപ്പിച്ചു. ‘ഇനിയൊരു സ്ത്രീക്കും നബീസുവിന്റെ ഗതി വരുത്തരുതേ’ എന്ന്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ യുഡിഎഫ്‌ യോഗത്തിൽ പ്രാർഥിച്ചു. തൊട്ടുപിന്നാലെ വനിതാ കമീഷനും ന്യൂനപക്ഷ കമീഷനും പീഡനം ക്രൂരമെന്ന്‌ ആവർത്തിച്ചു. എ കെ ആന്റണിയും പി കെ കുഞ്ഞാലിക്കുട്ടിയും രമേശ്‌ ചെന്നിത്തലയും നാട്ടിലെങ്ങും കണ്ണീർക്കഥ ഉരുവിട്ടു. മെയ്‌ 10ന്‌ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയത്തിന്‌ പ്രധാന കാരണം തെരുവംപറമ്പിലെ ഈ വ്യാജമാനഭംഗക്കഥയായിരുന്നു.

സിപിഐ എം ക്രൂരതക്കെതിരായ ജനവിധി എന്ന്‌ മനോരമ പ്രഖ്യാപിച്ചു. മെയ്‌ 17ന്‌ ആന്റണിയുടെ നേതൃത്വത്തിൽ യുഡിഎഫ്‌ മന്ത്രിസഭ അധികാരമേറ്റു. ജൂൺ രണ്ടിന്‌ മാനഭംഗക്കേസിലെ പ്രതിയെന്ന്‌ ആരോപിച്ച്‌ സിപിഐ എം പ്രവർത്തകൻ ഈന്തുള്ളതിൽ ബിനുവിനെ ലീഗുകാരും എൻഡിഎഫുകാരും കല്ലാച്ചിയിൽ വെട്ടിക്കൊന്നു. ബലാത്സംഗം നടന്നതായി ആരോപിക്കപ്പെട്ട സമയം കോഴിക്കോട്‌ മെഡിക്കൽ കോളേജിലായിരുന്നു ബിനു. എന്നാൽ ഒരു കള്ളവാർത്തയുടെ പേരിൽ അധികാരവും ജീവനും കവർന്ന ആദ്യ സംഭവമായി തെരുവംപറമ്പ്‌ പിന്നീട്‌ തിരിച്ചറിയപ്പെട്ടു.

ഒടുവിൽ സത്യംപറഞ്ഞ്‌ നബീസു

ബിനു കൊല്ലപ്പെട്ട്‌ മാസങ്ങൾക്കുശേഷം നബീസുവും ഭർത്താവും ഉള്ളകം പൊള്ളി സത്യം പറഞ്ഞു. ആരും മാനഭംഗപ്പെടുത്തിയിട്ടില്ല. ലീഗ്‌ നേതൃത്വത്തിന്റെയും മതതീവ്രവാദശക്തികളുടെയും ഭീഷണിക്കും സമ്മർദത്തിനും വഴങ്ങി കള്ളം പറഞ്ഞതാണ്‌. കുറ്റ്യാടി മഹല്ല്‌ പള്ളി ഖാദിയും ഖതീബുമായിരുന്ന മൊയ്തുമൗലവിയും പറഞ്ഞു, ‘‘അവിടെ മാനഭംഗം നടന്നിട്ടില്ല. അത്‌ കെട്ടിച്ചമച്ച കഥയാണ്‌’’. പക്ഷേ പത്രങ്ങളും ചാനലുകളും ഇത്‌ ഒതുക്കി. ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിലും മെഡിക്കൽ പരിശോധനയിലും മാനഭംഗം നടന്നിട്ടില്ലെന്ന്‌ കണ്ടെത്തിയപ്പോഴും മാധ്യമങ്ങൾ കണ്ണടച്ചു.

ഓർമയില്ലേ ഓമനക്കുട്ടനെ
സിപിഐ എം ചേർത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരായ കള്ളവാർത്ത പുറത്തുവന്നത്‌ 2019 ആഗസ്‌ത്‌ 16ന്‌. ചേർത്തല തെക്ക്‌ പഞ്ചായത്ത് ആറാം വാർഡിലെ അംബേദ്‌കർ കോളനി കമ്യൂണിറ്റി ഹാളിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ പണപ്പിരിവെന്നായിരുന്നു അന്ന്‌ ഏഷ്യാനെറ്റ്‌ ന്യൂസിലെ ബ്രേക്കിങ്‌ ന്യൂസ്‌. പിറകേ മറ്റു ചാനലുകളും. ക്യാമ്പിലെ ഭക്ഷ്യസാധനങ്ങൾ തീർന്നതോടെ ഓമനക്കുട്ടൻ ഓട്ടോറിക്ഷയിൽ ഭക്ഷണസാധനങ്ങളെത്തിച്ചു. ഓട്ടോ വാടക കൊടുക്കാൻ കൈയിൽ പണമില്ലാതെ വന്നതോടെ തൽക്കാലം ക്യാമ്പിൽനിന്ന് 70 രൂപ കടം വാങ്ങിനൽകി. ഇതാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ദുരിതാശ്വാസ ക്യാമ്പിലെ പാർടി പണപ്പിരിവാക്കിയത്‌.

ബിജെപി പ്രവർത്തകൻ പകർത്തിയ ദൃശ്യങ്ങളുപയോഗിച്ചായിരുന്നു വാർത്തചമയ്‌ക്കൽ. വിവാദമായതോടെ റവന്യു ഉദ്യോഗസ്ഥർ ഓമനക്കുട്ടനെതിരെ പരാതി നൽകി. സത്യം തെളിഞ്ഞതോടെ ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ ഓമനക്കുട്ടനോട്‌ ക്ഷമ ചോദിച്ചു. പ്രളയകാലത്തിന്‌ സമാനമായ വ്യാജവാർത്ത വയനാട്‌ ദുരന്തവേളയിലും മാധ്യമങ്ങൾ പ്രയോഗിച്ചു. ഓണത്തിനുവന്ന വ്യാജൻ അതായിരുന്നു.

                                                                     (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top