19 September Thursday

പൃഥ്വിരാജിനെ മറികടന്നു ; ഇഷ്ടനമ്പറിനായി 
നിരഞ്ജന നൽകിയത് 7.85 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


തിരുവല്ല
വാഹനപ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്.

തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം. ഫാന്‍സി നമ്പര്‍ ലേലത്തിൽ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണിത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. 7777  സ്വന്തമാക്കാനായി പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് നിരഞ്ജന. 1.78 കോടി രൂപയ്ക്കാണ് ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്. ദേശീയപാത നിര്‍മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ ഉൽപ്പന്നങ്ങൾ നൽകുന്ന   കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്. നടുവത്ര വീട്ടില്‍ അനില്‍കുമാര്‍- –-സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന എര്‍ത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈ. ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്.

ക്വാറി, ക്രഷര്‍ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ ബിസിനസ്. ഇഷ്ട നമ്പര്‍ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്ന്‌ നിരഞ്ജന പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top