17 September Tuesday

ഫാഷൻ ഗോൾഡ്‌ തട്ടിപ്പ്‌: ലീഗ് നേതാവിന്റെയടക്കം 
19.6 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടി

പ്രത്യേക ലേഖകൻUpdated: Wednesday Aug 7, 2024

കോഴിക്കോട്‌
മുസ്ലിംലീഗ്‌ നേതാവും മഞ്ചേശ്വരം മുൻ എംഎൽഎയുമായ എം സി കമറുദീൻ ഉൾപ്പെട്ട ‘ഫാഷൻ ഗോൾഡ്’ തട്ടിപ്പുകേസിൽ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ഫാഷൻ ഗോൾഡ് കമ്പനിയുടെ സ്ഥാവര സ്വത്തുൾപ്പെടെ 19.60 കോടി രൂപയുടെ സ്വത്താണ് താൽക്കാലികമായി കോഴിക്കോട്‌ ഇഡി  കണ്ടുകെട്ടിയത്.

ഫാഷൻ ഗോൾഡ് ഗ്രൂപ്പ് കമ്പനി ചെയർമാൻ എം സി കമറുദീൻ, മാനേജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരുടെ  സ്വത്ത്‌ കണ്ടുകെട്ടിയതായി ഇഡി സമൂഹമാധ്യമമായ എക്‌സിലൂടെയാണ്‌  വെളിപ്പെടുത്തിയത്‌. സമാഹരിച്ച നിക്ഷേപം തിരിച്ചുനൽകാതെ നിരവധിപേരെ വഞ്ചിച്ചെന്ന കേസിൽ കമറുദീൻ നേരത്തെ ജയിലിലായിരുന്നു.

ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ 2006ൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർചെയ്തത്. 2007ലും 2008ലും 2012ലും 2016ലുമായി നാല്‌ കമ്പനി രജിസ്റ്റർചെയ്തു. ഒരേ മേൽവിലാസത്തിലാണ് രജിസ്‌ട്രേഷൻ. എന്നാൽ, ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല.

മുസ്ലിംലീഗ്‌ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞായിരുന്നു നിക്ഷേപ സമാഹരണം. പണം തിരിച്ചുകിട്ടാത്തതിനാലാണ്‌ നിക്ഷേപകർ പൊലീസിനെ സമീപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top