06 October Sunday

അഞ്ച്‌ മാസമായി വെന്റിലേറ്ററിൽ; ജീവിതം കാത്ത്‌ ചിരിമായാതെ 
ഒന്നരവയസ്സുകാരി ഫാത്തിമ ഹൈസലും

സ്വന്തം ലേഖികUpdated: Wednesday Jul 7, 2021
കോഴിക്കോട്‌ >  മലയാളികളുടെ സ്‌നേഹ കൂട്ടായ്‌മയിൽ കണ്ണൂരിലെ മുഹമ്മദിന്‌ ചികിത്സാ വഴിയൊരുങ്ങുമ്പോൾ പുതുജീവൻ കാത്ത്‌ മറ്റൊരു ഒന്നരവയസ്സുകാരിയും ഇവിടെയുണ്ട്‌. അഞ്ച്‌ മാസമായി കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്‌ ഫാത്തിമ ഹൈസൽ.  സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) എന്ന അസുഖം ബാധിച്ച ഈ കുഞ്ഞിന്റെ ചികിത്സക്കുള്ള ഒരുക്കത്തിലാണ്‌ രക്ഷിതാക്കളും ഡോക്ടർമാരും.
 
കോഴിക്കോട്‌ കിഴക്കോത്ത്‌ തെറ്റുമ്മൽ വീട്ടിൽ അബൂബക്കറിന്റെയും റാഷിഫയുടെയും രണ്ടാമത്തെ മകളാണ്‌. ജനിച്ച്‌ രണ്ട്‌ മാസം പിന്നിട്ടപ്പോഴാണ്‌ കാലുകൾ ചലിക്കാത്തത്‌ ശ്രദ്ധയിൽപ്പെട്ടത്‌. സ്‌പൈനൽ മസ്‌കുലാർ അട്രോഫിയാണെന്ന്‌ പരിശോധനയിൽ കണ്ടെത്തിയതോടെ കുറച്ച്‌ കാലം ബേബി ആസ്‌റ്റർ മിംസ്‌  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സോൾജെൻസ്‌മ എന്ന 18 കോടിയുടെ മരുന്നിനായി കമ്പനിക്ക്‌ നേരത്തെ  അപേക്ഷ നൽകുകയും നറുക്കെടുപ്പിൽ സൗജന്യമായി ലഭിക്കുകയും ചെയ്‌തിരുന്നു.
 
എന്നാൽ ദുരിതമെന്നോണം  അഞ്ചുമാസം മുമ്പ്‌ ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ ഭക്ഷണം  കുടുങ്ങി ഗുരുതരാവസ്ഥയിലായി. അന്ന്‌ മുതൽ  വെന്റിലേറ്ററിലാണ്‌ ഫാത്തിമ. ഈ അസുഖമുള്ളവരുടെ പേശികൾക്ക്‌ ബലം കുറയുന്നതിനാൽ എളുപ്പത്തിൽ ഇത്തരം ബുദ്ധിമുട്ട്‌ വരും. ചില അസൗകര്യങ്ങൾ വന്നതിനാൽ കുട്ടിയെ  ആസ്‌റ്റർ മിംസിൽനിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. വെന്റിലേറ്ററിലായ കുട്ടിക്ക്‌ ഈ മരുന്ന്‌ സ്വിറ്റ്‌സർലൻഡിലെ കമ്പനി സൗജന്യമായി നൽകില്ലെന്നതിനാലാണ്‌ ചികിത്സ നീളുന്നത്‌. ഇനി പണം നൽകി മരുന്ന്‌ വാങ്ങുകയേ നിവൃത്തി ഉള്ളൂ.  കണ്ണൂരിലെ മുഹമ്മദിന്‌  കൂട്ടായി പണം സ്വരൂപിച്ചപോലെ ഫാത്തിമയുടെ കുസൃതി മാറാത്ത ചിരി വിടരാനായി നാട്‌ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌  കുടുംബം.
 
വിദേശത്ത്‌ ജോലിചെയ്‌തിരുന്ന അബൂബക്കർ    മകൾ വെന്റിലേറ്ററിലായതിനാൽ ഇപ്പോൾ നാട്ടിലാണ്‌. അഞ്ച്‌ മാസമായി അബൂബക്കറിന്റെയും ഭാര്യയുടെയും ജീവിതം മകൾക്കൊപ്പം മെഡിക്കൽ കോളേജിലാണ്‌.  ആറ്‌ വയസ്സുള്ള മറ്റൊരു മകളുമുണ്ട്‌. സൗജന്യമായി മരുന്ന്‌ ലഭ്യമാക്കുന്നതിനായി കമ്പനിയോട്‌ സംസാരിക്കാനുള്ള നീക്കത്തിലാണ്‌ ആസ്‌റ്റർ മിംസിലെ ഡോക്ടർമാർ. അത്‌ സാധ്യമായില്ലെങ്കിൽ നാടിന്റെ സഹായം തേടാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ അബൂബക്കർ പറയുന്നു. മലബാറിൽ ആസ്‌റ്റർ മിംസിൽ മാത്രമാണ്‌  സ്‌പൈനൽ മസ്‌കുലാർ അട്രോഫിക്കുള്ള ജീൻ തെറാപ്പിയുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top