കോഴിക്കോട് > ഫെലോഷിപ്പുകളും ഗ്രാന്റുകളും സ്‌കോളർഷിപ്പുകളും കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതോടെ രാജ്യത്ത് ശാസ്‌ത്ര ഗവേഷണരംഗത്ത് എത്തുന്ന വിദ്യാർഥികളുടെ എണ്ണം കുറയുന്നു. സിഎസ്‌ഐആർ, യുജിസി –-നെറ്റ് ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾ നൽകുന്നത് അഞ്ച് വർഷത്തിനുള്ളിൽ നേർ പകുതിയായാണ് കേന്ദ്ര സർക്കാർ കുറച്ചത്.
2019 ൽ 4622 എണ്ണം നൽകിയത് 2023 ൽ 2646 ആയി. ശ്യാമപ്രസാദ് മുഖർജി ഫെലോഷിപ്പ് മൂന്ന് വർഷമായും നെഹ്റു സയൻസ് പോസ്‌റ്റ് ഡോക്ടറൽ ഫെലോഷിപ്പ് അഞ്ച് വർഷമായും നൽകുന്നില്ല. ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ നിർത്തി. ശാസ്‌ത്ര ജേണൽ ഗ്രാന്റ്, സിമ്പോസിയം ഫണ്ട് എന്നിവയും പാതിയാക്കി.
ശാസ്‌ത്ര ഗവേഷണ രംഗത്ത് സർക്കാർ പ്രോത്സാഹനംനിലച്ചതോടെ വിദ്യാർഥികൾ ഗവേഷണരംഗത്ത് പിൻവാങ്ങുകയോ വിദേശരാജ്യങ്ങളിലേക്ക് കടക്കുകയോ ആണ്. വിദേശ സർവകലാശാലകളിലേക്കുള്ള ഒഴുക്കിനുപിന്നിലെ ഒരുകാരണം കേന്ദ്രത്തിന്റെ ഗവേഷണവിരുദ്ധ നിലപാടാണെന്നാണ് വിലയിരുത്തൽ.
കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ(കുസാറ്റ്) പിഎച്ച്‌ഡി അപേക്ഷകരുടെ എണ്ണത്തിൽ സമീപ കാലത്തായി 50 ശതമാനം കുറവുണ്ടെന്ന് പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. എൻ മനോജ് പറയുന്നു.ഗവേഷക വിദ്യാർഥികളിൽ ജെആർഎഫ് കിട്ടിയവർ 70 ശതമാനമാണ് കുറവ്. കലിക്കറ്റ്, കണ്ണൂർ, എംജി, കേരള യൂണിവേഴ്‌സിറ്റികളിലും അപേക്ഷകരുടെ എണ്ണം ഓരോ വർഷവും കുറയുകയാണ്.
ഐഐഎസ്‌ഇആർ, ഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലും വിദ്യാർഥികൾ കുറയുന്നതിനാൽ കുറഞ്ഞ ഗേറ്റ് സ്‌കോറുള്ളവരും പ്രവേശനം നേടുന്ന സാഹചര്യമുണ്ട്. ഗവേഷണ രംഗത്തെ മികവിനെ ഇത് ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
സാധാരണ കുടുംബങ്ങളിൽനിന്നുള്ളവരാണ് ഗവേഷണത്തിലേക്ക് വരുന്നവരിലേറെയും. സ്‌കോളർഷിപ്പോ ഗ്രാന്റുകളോ ഇല്ലാതെ മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിൽ മറ്റ് തൊഴിൽ രംഗത്തേക്ക് മാറേണ്ടിയും വരുന്നുണ്ട്. അവസരവും ഉയർന്ന സ്‌കോളർഷിപ്പുകളുമുള്ളതിനാൽ പലരും വിദേശങ്ങളിലെ യൂണിവേഴ്‌സിറ്റികളിലേക്കും പോവുന്നു.
കുസാറ്റിലെ ഫിസിക്‌സ് വിഭാഗത്തിൽമാത്രം പിജി കഴിഞ്ഞിറങ്ങുന്നതിൽ 20 ശതമാനം വിദേശത്താണ് ഗവേഷണത്തിന് പോകുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്ന് 7.2 ലക്ഷം വിദ്യാർഥികളാണ് പഠനത്തിനും ഗവേഷണത്തിനുമായി വിദേശത്തേക്ക് പോയത്. ഇതിൽ മൂന്ന് ശതമാനം മലയാളികളാണ്.
വ്യവസായമേഖലയെ പിന്നോട്ടടിപ്പിക്കും- ഡോ. എം കെ ജയരാജ് (കലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ)
ശാസ്‌ത്ര ഗവേഷണം താഴോട്ടുപോകുന്നത് വ്യവസായ രംഗത്തെ പിന്നോട്ടാക്കും. സ്‌കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും കുറയുന്നത് ഗവേഷണ മേഖലയിൽനിന്ന് വിദ്യാർഥികളെ അകറ്റുന്നുണ്ട്. ശാസ്‌ത്രമേഖലയിൽ തുടർ അവസരങ്ങൾ ലഭിക്കുന്നതിലും ഫെല്ലോഷിപ്പ് നിർണായകമാണ്.
ശാസ്‌ത്ര ജേണലുകളുടെ ഫണ്ടുകൾ കുറച്ചതും തിരിച്ചടിയാണ്.
ബാധിക്കുന്നത് സാധാരണക്കാരെ- ഡോ. ആൽഡ്രിൻ ആന്റണി (എച്ച്‌ഒഡി, ഫിസിക്‌സ് വിഭാഗം, കുസാറ്റ്)
സ്‌കോളർഷിപ്പുകളും ഗ്രാന്റുകളും കുറയ്‌ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. സാധാരണക്കാരായ വിദ്യാർഥികളെയാണ് ഏറെ ബാധിക്കുക. പ്രോത്സാഹനം നൽകാതെ, കഴിവുള്ളവരെ ഈ മേഖലയിൽനിന്ന് അകറ്റുന്നത് ശാസ്‌ത്രരംഗത്ത് മികവും പ്രതിഭയുമുള്ള ഗവേഷകരുടെ അസാന്നിധ്യത്തിനിടയാക്കും. വിദേശത്ത് ഒട്ടേറെ ഗവേഷണ സാധ്യതകളുണ്ടാവുമ്പോൾ സ്വാഭാവികമായും കുട്ടികൾ അത് തെരഞ്ഞെടുക്കും.
പ്രതിഭകളെ അകറ്റും - അനുശ്രുതി രാമകൃഷ്‌ണൻ (ശാസ്‌ത്ര ഗവേഷക വിദ്യാർഥി, കലിക്കറ്റ് സർവകലാശാല)
സ്‌കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും വിദ്യാർഥികൾക്ക് പ്രചോദനമാവുന്ന പ്രധാന ഘടകങ്ങളാണ്. സ്‌കോളർഷിപ്പുകൾ വെട്ടിക്കുറയ്ക്കുന്നത് കഴിവും താൽപ്പര്യവുമുള്ള നിരവധി പേരെ ശാസ്‌ത്രമേഖലയിൽ നിന്നകറ്റും. ഗവേഷക വിദ്യാർഥികൾക്കിടയിൽ ഇതിനെതിരെ വലിയ ചർച്ച ഉയരുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..