പൊന്നാനി
കിടക്കയിൽ മൂത്രമൊഴിച്ച കുട്ടിയെ ശാസിച്ച സഹോദരിയുടെ വാക്കുകളിൽ ഒരുസിനിമ പിറക്കുന്നു. കേൾക്കുന്നവർക്ക് കൗതുകമെങ്കിലും തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ "ഫെമിനിച്ചി ഫാത്തിമ' ഒരുപൊന്നാനിക്കാരന്റെ നേരനുഭവം ബിഗ് സ്ക്രീനിലേക്ക് പകർത്തിയതാണ്.
ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ പൊന്നാനി സ്വദേശി മുഹമ്മദ് ഫാസിൽ വീടിന്റെ ഉമ്മറത്തിരിക്കുമ്പോഴാണ് സഹോദരി കുട്ടിയെ ശകാരിക്കുന്നത് കേൾക്കുന്നത്. "കിടക്കയിൽ മൂത്രം തട്ടിക്കാതെ കൊണ്ടുനടന്നതാണ്. ഇനിയിതിന്റെ മണം പോവില്ല...' ഇതായിരുന്നു സഹോദരിയുടെ വാക്കുകള്‍.
ഫാസിലിന്റെ ചിന്തയില്‍ ഇത് ഒരു കഥയ്ക്ക് വിത്തുപാകി. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ജീവിക്കുന്ന ഫാത്തിമയെന്ന കഥാപാത്രവും പിറന്നു. മൂത്തകുട്ടി കിടക്കയില്‍ മൂത്രമൊഴിക്കുന്നതോടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ടുമാസംകൊണ്ടാണ് ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമ ചിത്രീകരിച്ചത്.
ചിത്രത്തിന്റെ എഡിറ്റിങ് നടത്തിയത് ഫാസിലാണ്. ചെറിയ വേഷത്തിൽ അഭിനയിക്കുകയുംചെയ്തു. മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം, പ്രേക്ഷകപ്രീതി നേടിയ ചിത്രം, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച തിരക്കഥയ്ക്കുള്ള ജൂറി പുരസ്കാരം, കെ ആർ മോഹനൻ പുരസ്കാരം എന്നിവയാണ് ഐഎഫ്എഫ്കെയില്‍ നേടിയത്. മുമ്പ് രണ്ട് ഹൃസ്വചിത്രങ്ങള്‍ ഒരുക്കിയ ഫാസില്‍ ചില സിനിമകളില്‍ സ്പോട്ട് എഡിറ്ററായും പ്രവര്‍ത്തിച്ചി
ട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..