തിരുവനന്തപുരം > പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി. കെ സുരേന്ദ്രനെതിരെ പാർടിക്കുള്ളിൽ വമ്പൻ പടയൊരുക്കം. സ്വന്തം പക്ഷത്തായിരുന്ന വി മുരളീധരനടക്കമുള്ളവർ കൈവിട്ടതോടെ സുരേന്ദ്രൻ പാർടിയിൽ ഒറ്റപ്പെട്ടു. നിരവധി നേതാക്കളും പ്രവർത്തകരുമാണ് സുരേന്ദ്രനെതിരെ ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലുമെല്ലാമായി രംഗത്തെത്തിയത്. ഇതോടെ അധ്യക്ഷ സ്ഥാനം തന്നെ തെറിക്കുമന്ന അവസ്ഥയിലാണ് സുരേന്ദ്രൻ.
പാലക്കാട്ടെ തോൽവി സംബന്ധിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ കെ സുരേന്ദ്രനോട് ചോദിക്കാനായിരുന്നു ഇന്ന് വി മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും സുരേന്ദ്രന്റെ തലയിൽ കെട്ടിവച്ചുകൊണ്ടുള്ള മുരളീധരന്റെ പ്രതികരണം ബിജെപിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്കുള്ള സൂചനയാണ്. സി കൃഷ്ണകുമാർ അല്ല സ്ഥാനാർഥി എങ്കിൽ വിജയം ഉറപ്പായിരുന്നു എന്നും പാർടിയുടെ മേൽക്കൂരയ്ക്ക് കാര്യമായ പ്രശ്നമുണ്ടെന്നുമുള്ള മുതിർന്ന നേതാവ് ശിവരാജന്റെ പ്രതികരണവും സുരേന്ദ്രനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.
പാർടി സംസ്ഥാന അധ്യക്ഷൻ പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ചയുണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫേസേബുക്കിൽ കുറിപ്പിൽ അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരും ജനങ്ങൾക്ക് താല്പര്യം ഉള്ളവരും സംഘടനയുടെ മുഖമാവണമെന്നും സംഘടന ആരുടെയും വഖ്‌ഫ് പ്രോപ്പർട്ടി അല്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന സമിതി അംഗം സി വി സജനി പ്രതികരിച്ചത്.
സ്ഥാനാർഥി നിർണയം പാളി എന്ന് പാർടി നേതാക്കളെല്ലാവരും പരസ്യമായി വ്യക്തമാക്കുന്നുണ്ട്. ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു കുമ്മനമടക്കമുള്ള നേതാക്കളുടെ അഭിപ്രായം. ഇത് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി കേന്ദ്രൃത്വത്തിന് കത്തെഴുതുകയും ചെയ്തു. എന്നാൽ ഇതിനെയെതിർത്ത് കെ സുരേന്ദ്രൻ തനിക്ക് താൽപര്യമുള്ള സ്ഥാനാർഥിയെ നിർത്തി. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു നിന്ന് സുരേന്ദ്രൻ കുമ്മനമടക്കമുള്ള നേതാക്കളെ അകറ്റി നിർത്തി എന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതെല്ലാം പാലക്കാട്ടെ പാർടി പ്രവർത്തകരുടെ വോട്ടുകളടക്കം കുറഞ്ഞതിന് കാരണമായെന്നാണ് പഴി.
ബിജെപി പ്രവർത്തകരും വലിയതോതിൽ സുരേന്ദ്രനെതിരെ തിരിഞ്ഞിട്ടുണ്ട്. പാർടിയെ നശിപ്പിക്കാതെ ഇറങ്ങിപ്പോകൂ എന്നതരത്തിലാണ് സുരേന്ദ്രന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ. പാർടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രനെ കൊണ്ടുവരണമെന്നും അത് ശരിയാകില്ലെന്നുമുള്ള അഭിപ്രായങ്ങളും പ്രവർത്തകർ ഉയർത്തുന്നുണ്ട്.
എന്നാൽ കെ സുരേന്ദ്രൻ തോൽവിയുടെ പഴിചാരുന്നത് തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥന് മേലാണ്. രഘുനാഥന് വീഴ്ച പറ്റി എന്നാണ് സുരേന്ദ്രന്റെ അഭിപ്രായം. ഏതായാലും ചൊവ്വാഴ്ച കൊച്ചിയിൽ നടക്കാനിരിക്കുന്ന നേതൃയോഗത്തിൽ കെ സുരേന്ദ്രനു നേരെ വലിയ തോതിൽ കടന്നാക്രമണം ഉണ്ടാകും. എം ടി രമേശും കുമ്മനം രാജശേഖരനും സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കും. സന്ദീപ് വാര്യർ പാർടി വിട്ടതിനടക്കം സുരേന്ദ്രൻ മറുപടി പറയേണ്ടിവരും.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിൽ അഴിച്ചു പണി ഉണ്ടാകാനാണ് സാധ്യത. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. വി മുരളീധരൻ കൂടി കൈവിട്ടതോടെ കെ സുരേന്ദ്രന്റെ അധ്യക്ഷ സ്ഥാനം തെറിക്കും എന്ന കാര്യം ഉറപ്പാണ്. ഉപതെരഞ്ഞെടുപ്പിന് മുമ്പുള്ള പരസ്യ പ്രതികരണം ശോഭാസുരേന്ദ്രന്റെ അധ്യക്ഷ മോഹത്തിന് തിരിച്ചടിയാകും. പ്രസിഡന്റ് സ്ഥാനത്തിനായി പി കെ കൃഷ്ണദാസ് എം ടി രമേശ് വിഭാഗം ഇതോടെ സമ്മർദ്ദം ശക്തമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..