തിരുവനന്തപുരം
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ ഉയർന്ന വെളിപ്പെടുത്തലും ആരോപണങ്ങളും അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന റാങ്കിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് സംഘം. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും.
ഡിഐജി എസ് അജിത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ്‌ക്വാർട്ടേഴ്‌സ് എസ്‌പി മെറിൻ ജോസഫ്, കോസ്റ്റൽ പൊലീസ് എഐജി ജി പൂങ്കുഴലി, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ ഐശ്വര്യ ഡോങ്ക്റേ, ക്രമസമാധാന ചുമതലയുള്ള എഐജി വി അജിത്ത്, ക്രൈംബ്രാഞ്ച് എസ്‌പി എസ് മധുസൂദനൻ എന്നിവരാണ് സംഘത്തിലുള്ളത്.
ബംഗാളി നടി ശ്രീലേഖ മിത്ര, മലയാളി സിനിമാപ്രവർത്തകരായ രേവതി സമ്പത്ത്, സോണിയ മൽഹാർ, ടെസ് ജോസഫ്, ശ്വേത മേനോൻ തുടങ്ങിയവരാണ് തൊഴിൽ ചൂഷണവും ലൈംഗികാതിക്രമവും തുറന്നുപറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പരാതി ഉന്നയിക്കാൻ ആരെങ്കിലും തയ്യാറായാൽ അന്വേഷിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഡബ്ല്യുസിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2017 ജൂലൈ ഏഴിനാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. 2019 ഡിസംബർ 31ന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. വ്യക്തിഗത പരാമർശങ്ങളുള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടുന്നതിനെ ജസ്റ്റിസ് ഹേമയും മുൻ മുഖ്യ വിവരാവകാശ കമീഷണർ വിൻസൺ എം പോളും എതിർത്തിരുന്നു. വ്യക്തിഗത പരാമർശങ്ങൾ ഒഴിവാക്കി പുറത്തുവിടാമെന്ന് വിവരാവകാശ കമീഷണർ അബ്ദുൾ ഹക്കീമും ഹൈക്കോടതിയും ഉത്തരവിട്ടതോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സിനിമയിൽ സ്‌ത്രീപുരുഷ വിവേചനമുണ്ടെന്നും സ്‌ത്രീകൾ പലവിധ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..