വൈപ്പിൻ
സുരക്ഷ ലംഘിച്ചും അനുമതിയില്ലാതെയും കടലിൽ സിനിമാ ചിത്രീകരണത്തിന് ഉപയോഗിച്ച രണ്ട് മീൻപിടിത്തബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു.
ഇന്ത്യൻ നേവി സീ വിജിൽ തീരസുരക്ഷ മോക്ക് ഡ്രില്ലിന്റെ ഭാഗമായി കടലിൽ പരിശോധന നടത്തുമ്പോഴാണ് ചെല്ലാനം ഭാഗത്ത് ഭാരതരത്ന, ഭാരത് സാഗർ എന്നീ മീൻപിടിത്തബോട്ടുകൾ തെലുഗു സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിൽ രണ്ടു ബോട്ടുകൾക്കും കടലിൽ സഞ്ചരിക്കാൻ ഫിഷറീസ് വകുപ്പിൽനിന്നുള്ള പ്രത്യേക പെർമിറ്റും സിനിമാ ചിത്രീകരണത്തിനുള്ള അനുമതിപത്രവും ഇല്ലെന്ന് കണ്ടെത്തി. രണ്ട് ബോട്ടിലുമായുണ്ടായിരുന്ന 33 സിനിമാ പ്രവർത്തകർ സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ല. തുടർന്ന് ബോട്ടുകൾ വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ബർത്തിൽ എത്തിച്ച് കസ്റ്റഡിയിൽ എടുത്തു.
തുടർനടപടികൾക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവുപ്രകാരം പിഴ ഈടാക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..