22 December Sunday

ധനമന്ത്രിമാരുടെ കോൺക്ലേവ്‌ ; പങ്കെടുക്കാനെത്തിയത്‌ സാമ്പത്തിക വിദഗ്‌ധർ, ഉന്നതോദ്യോഗസ്ഥർ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024


തിരുവനന്തപുരം
കേരളം വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയത്‌ ഉന്നതോദ്യോഗസ്ഥരും പ്രമുഖ സാമ്പത്തിക വിദഗ്‌ധരും. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്ന ഡോ. അരവിന്ദ്‌ സുബ്രഹ്മണ്യം പ്രത്യേക സെഷനിൽ മുഖ്യപ്രഭാഷണം നടത്തി.

തെലങ്കാന സ്പെഷ്യൽ ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു, കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി എൽ കെ അതീഖ്, തമിഴ്നാട് ധന പ്രിൻസിപ്പൽ സെക്രട്ടറി ടി ഉദയചന്ദ്രൻ, പഞ്ചാബ് ധന പ്രിൻസിപ്പൽ സെക്രട്ടറി അജോയ്കുമാർ സിൻഹ, മുൻ കേരള ധനമന്ത്രി ടി എം തോമസ് ഐസക്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ, നാലാം സംസ്ഥാന ധന കമീഷൻ ചെയർമാൻ ഡോ. എം എ ഉമ്മൻ, പ്രൊഫ. പ്രഭാത് പട്നായിക്, പതിനാറാം ധന കമീഷനു മുമ്പാകെ കേരളം സമർപ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. സി പി ചന്ദ്രശേഖർ, ഡോ. ജയതി ഘോഷ്, ഡോ. സുശീൽ ഖന്ന, പതിനാലാം ധന കമീഷൻ അംഗങ്ങളായ ഡോ. സുദിപ്തോ മണ്ഡൽ, ഡോ. എം ഗോവിന്ദ റാവു, പന്ത്രണ്ടാം ധന കമീഷൻ അംഗം  ഡോ. ഡി കെ ശ്രീവാസ്തവ, റാം മനോഹർ റെഡ്ഡി,  റിട്ട. ഐആർഎസ് ഉദ്യോഗസ്ഥൻ ആർ മോഹൻ, ഡോ. പിനാകി ചക്രബർത്തി, പ്രൊഫ. കെ എൻ ഹരിലാൽ, സിഡിഎസ് ഡയറക്ടർ ഡോ. സി വീരമണി, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ്, എൻഐപിഎഫ്പിയിലെ പ്രൊഫസർ ലേഖ ചക്രബർത്തി, കേരള കാർഷിക സർവകലാശാലയിലെ മുൻ പ്രൊഫസർ ഡോ. പി ഷഹീന, കൊച്ചി സെന്റർ ഫോർ സോഷ്യോ- ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഫെലോ ഡോ. രാഖി തിമോത്തി തുടങ്ങിയവർ സെഷനുകളിൽ പങ്കെടുത്തു.

സന്തുലിതാവസ്ഥ വേണം: 
തെലങ്കാന
വിഭവ വിതരണത്തിലെ പുരോഗതിയിൽ സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു. കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ മികച്ച പ്രകടനങ്ങൾക്ക്  പ്രോത്സാഹനം നൽകാതെയുള്ള വിഭവ കൈമാറ്റം അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന സംസ്ഥാനങ്ങൾക്ക് ധനവിഹിതം കുറയ്‌ക്കുന്നതിലൂടെ പുരോഗതിയും കാര്യക്ഷമതയും കുറയുന്നു. ജിഎസ്ടി വഴി സംഭാവന ചെയ്യുന്നതിന്റെ 60 ശതമാനം എങ്കിലും തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം–- അദ്ദേഹം പറഞ്ഞു.

കേന്ദ്രം വരുമാനം കൈയടക്കുന്നു: 
തമിഴ്‌നാട്‌
സാമൂഹ്യക്ഷേമം, പൊതുസേവനങ്ങൾ എന്നിവയെല്ലാം സംസ്ഥാനങ്ങളെ ഏൽപ്പിച്ച കേന്ദ്ര സർക്കാർ വരുമാനം ഭൂരിഭാഗവും നിലനിർത്തുന്നതാണ്‌ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതെന്ന്‌ തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു പറഞ്ഞു. സെസുകളും സർചാർജുകളും വഴി കൂടുതൽ ധനസമാഹരണം നടത്തുന്ന യൂണിയൻ സർക്കാർ വിഹിതം സംസ്ഥാനങ്ങൾക്ക്‌ നൽകുന്നില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് സംസ്ഥാനങ്ങൾ ഉയർന്ന വിഹിതം നൽകേണ്ടിവരുന്നു. വിഭവ വിനിയോഗം കാര്യക്ഷമമല്ലാത്തിടത്തേക്കുള്ള പുനർവിതരണത്തിന് അമിത പ്രാധാന്യം നൽകുന്നത് മികച്ച പ്രകടനം നടത്തുന്ന പ്രദേശങ്ങളുടെ വികസനത്തെ തടസ്സപ്പെടുത്തും.   

പഞ്ചാബിന് 20,000 കോടി രൂപയുടെ 
വരുമാനനഷ്ടം
സാമൂഹിക, വികസന പദ്ധതി ചെലവുകളും ലഭ്യമായ വിഭവങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥയും സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ പറഞ്ഞു. കേന്ദ്ര സർക്കാരിനെ അപേക്ഷിച്ച് മൊത്തം ചെലവിന്റെ വലിയ പങ്ക് സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. ജിഎസ്ടി സുപ്രധാന പരിഷ്‌കാരമാണെങ്കിലും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണം അപകടത്തിലാക്കി. പഞ്ചാബിന് പ്രതിവർഷം 20,000 കോടി രൂപയുടെ വരുമാനനഷ്ടം നേരിടേണ്ടിവരുന്നു–- ഹർപാൽ സിങ്‌ ചീമ പറഞ്ഞു.

കോൺക്ലേവ്‌ തുല്യതയ്‌ക്കുവേണ്ടി: 
കർണാടകം
സാമൂഹികനീതിക്കും തുല്യതയ്‌ക്കുമുള്ള അന്വേഷണമായാണ്‌ കോൺക്ലേവിനെ കാണുന്നതെന്ന് കർണാടക റവന്യൂമന്ത്രി കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. രാജ്യത്തിന്റെ ജിഡിപി, നികുതിവരുമാനം, അഭിവൃദ്ധി എന്നിവയിൽ ഗണ്യമായ സംഭാവന നൽകുന്ന സംസ്ഥാനമാണ് കർണാടകം. കേന്ദ്രത്തിന്‌ നൽകുന്ന ഓരോ 100 രൂപയ്ക്കും തിരികെ ലഭിക്കുന്നത് 40 രൂപയാണ്. തുല്യനികുതി വിഹിതമല്ല, ന്യായമായ പ്രതിഫലമാണ് ആവശ്യം. ജിഎസ്ടിക്ക് മുമ്പുള്ളതിൽനിന്ന്‌ പ്രതിവർഷം 22,000 കോടി രൂപയാണ്‌ കർണാടകത്തിന്‌ നഷ്ടം–- അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top