22 December Sunday

കേന്ദ്രം നൽകേണ്ട സംസ്ഥാന വിഹിതത്തിനായി എംപിമാർ സംയുക്തമായി നിവേദനം നൽകും; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ എംപിമാരുടെ  യോഗം തീരുമാനിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എംപിമാർ മുഖ്യമന്ത്രിയെ അറിയിച്ചു.

സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം കിട്ടാൻ ഒന്നിച്ചുള്ള ശ്രമങ്ങൾക്ക് തയ്യാറാണെന്ന് കെ സി വേണുഗോപാൽ എംപി പറഞ്ഞു.  നാടിന്റെ  പൊതുവായ  കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാനാവണമെന്നും വേണുഗോപാലിന്റെ  വാഗ്ദാനം പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളുന്നു എന്നും  മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രപദ്ധതികളുടെ സമയ ബന്ധിതമായ പൂർത്തീകരണത്തിനും ഫണ്ട് വിനിയോഗത്തിനും നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എംപിമാരെ അറിയിച്ചു. നിലവിലെ പ്രശ്നങ്ങൾ സംസ്ഥാന ഗവൺമെൻ്റിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാർലമെൻ്റംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.



എറണാകുളം ആലുവ താലൂക്കിൽ ഗ്ലോബൽ സിറ്റി പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിനുള്ള ഭരണാനുമതിയടക്കം സംസ്ഥാന സർക്കാർ നൽകിയിരുന്നു. പദ്ധതി നിർത്തിവെക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം തിരുത്തിക്കാൻ  ആവശ്യമായ ഇടപെടൽ നടത്തും. തിരുവനന്തപുരം തോന്നക്കലിൽ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമായി ചേർന്ന് ആരംഭിക്കുന്ന മെഡിക്കൽ ഡിവൈസസ് പാർക്കിൻ്റെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുന്നതിന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പിൻ്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ശരാശരി 16 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാന വിഹിതിമായിരുന്ന സ്ഥാനത്ത് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പാസാക്കിയതിനു ശേഷം 14.25 ലക്ഷം ടൺ അരി മാത്രമാണ് ലഭിക്കുന്നത്. ഒരു മാസം വിതരണം ചെയ്യുന്ന അരിക്ക് പരിധി നിശ്ചയിച്ചതും അധികമായ വിതരണത്തിന് പിഴ നിശ്ചയിച്ചതും സംസ്ഥാനത്തിൻ്റെ താൽപ്പര്യത്തിന് യോജിച്ചതല്ല. ഇത് തിരുത്തിക്കാൻ ഇടപെടണം.

കോഴിക്കോട് കിനാലൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനുള്ള സമ്മർദം ചെലുത്തും. ദേശീയ ആരോഗ്യമിഷൻ പദ്ധതി വിഹിതത്തിൽ  കഴിഞ്ഞതവണത്തെ ആയിരം കോടിയോളം രൂപ  ലഭിക്കാനാവശ്യമായ സമ്മർദ്ദം ചെലുത്തും. കണ്ണൂർ അന്താരാഷട്ര വിമാനത്താവള വികസനത്തിൻ്റെ ഭാഗമായി അന്താഷ്ട്ര വ്യോമയാന റൂട്ട് അനുവദിക്കുന്നതിനും സാർക്ക്/ അസിയാൻ ഓപ്പൺ സ്‌കൈ പോളിസിയിൽ ഉൾപ്പെടുത്തുന്നതിനുമുള്ള  നടപടികൾ സ്വീകരിക്കും. ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.

തലശ്ശേരി- മൈസൂർ, നിലമ്പൂർ- നഞ്ചൻകോട്, കാഞ്ഞങ്ങാട്- കണിയൂർ പാണത്തൂർ ശബരി റെയിൽ പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ ഇന്ത്യൻ റയിൽവേയിലും കേന്ദ്രസർക്കാരിലും ഇടപെടും. നാഷണൽ ഹൈവേ പ്രവർത്തിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നബാധിത സ്ഥലങ്ങൾ പൊതുമരാമത്ത് വകുപ്പിൻറെ നേതൃത്വത്തിൽ സന്ദർശിക്കും.



കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരമേറിയ  ശേഷം സംസ്ഥാനത്തിൻ്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  രണ്ട് കത്തുകൾ കേന്ദ്ര ധനകാര്യ മന്ത്രിക്ക് നൽകിയിട്ടുണ്ട്. സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിൽകണ്ടും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടുകളിലും ഗ്രാൻ്റുകളിലും കുറവ് വന്നിരിക്കുന്ന സാഹചര്യത്തിൽ 24,000 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ബ്രാൻഡിങ്ങിന്റെ പേരിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട പല പദ്ധതികൾക്കുമുള്ള ധനസഹായം അനുവദിക്കാത്തതും സൂചിപ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി 5000 കോടി രൂപയുടെ പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് കടുത്ത വരൾച്ച നേരിട്ട സാഹചര്യത്തിൽ കർഷകരുടെ സാമ്പത്തിക നഷ്ടവും പ്രതിസന്ധിയും മറി കടക്കുന്നതിനുള്ള പാക്കേജും ലഭ്യമാക്കണം. വനം- വന്യജീവി  സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കാനാവശ്യമായ ഇടപെടൽ ഉണ്ടാകും. കേന്ദ്ര വന നിയമത്തിൽ കാലാചിതമായ മാറ്റത്തിനു വേണ്ടി ശ്രമിക്കും.

തീരദേശ പരിപാലന നിയമത്തിലെ ഇളവുകൾ നിലവിൽ 66 ഗ്രാമപ്പഞ്ചായത്തുകൾക്കാണ് ലഭിച്ചിരിക്കുന്നത്. തദേശസ്വയം ഭരണ വകുപ്പിൻ്റെ വിഞ്ജാപന പ്രകാരം ഉൾപ്പെട്ട 109 തീരദേശ ഗ്രാമപ്പഞ്ചായത്തുകളെ കൂടി ഇളവ് ബാധകമാക്കുന്നതിനാവശ്യമായ നടപടികളെ ഏകോപ്പിക്കുമെന്നും പാർലമെൻ്റംഗങ്ങളെ മുഖ്യമന്ത്രിയെ അറിയിച്ചു.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, വീണാ ജോർജ്, എം പിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, കെ രാധാകൃഷ്ണൻ, ബെന്നി ബഹന്നാൻ, അടൂർ പ്രകാശ്, ആൻ്റോ ആൻ്റണി, രാജ് മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, എം കെ രാഘവൻ, അബ്ദുൾ സമദ് സമദാനി, ജെബി മേത്തർ, എ എ റഹീം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, ഷാഫി പറമ്പിൽ, ഫ്രാൻസിസ് ജോർജ്, പി പി സുനീർ, ഹാരിസ് ബീരാൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ചീഫ് സെക്രട്ടറി ഡോ. വി വേണു യോഗത്തിന് സ്വാഗതം ആശംസിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വകുപ്പ് സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top