കൊച്ചി > എറണാകുളം സൗത്ത് പാലത്തിന് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി. പത്തിലധികം യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല. ഗോഡൗണിലുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാൾ സ്വദേശികളുമായിരുന്നു ഗോഡൗണിൽ ഉണ്ടായിരുന്നത്.
നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും ഫ്ലാറ്റുകളും ഉള്ള പ്രദേശമാണിത്. സമീപത്ത് കൂടിയാണ് റെയിലും മെട്രോ ലൈനും കടന്നു പോകുന്നത്. തീപിടുത്തത്തെ തുടർന്ന് രണ്ട് മണിക്കൂറിലധികം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സൗത്ത് പാലത്തിലൂടെയുള്ള വാഹനഗതാഗതവും നിയന്ത്രിച്ചു. സുരക്ഷ പരിഗണിച്ച് സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. ഷോർട്ട് സർക്യൂട്ട് സാധ്യതയില്ലെന്നും സാമൂഹ്യ വിരുദ്ധരാണ് തീയിട്ടതെന്നുമാണ് കടയുടമ ആരോപിക്കുന്നത്. 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഫയർ ലൈസൻസ് ഇല്ല എന്നാണ് വിവരം.
എറണാകുളത്ത് നെടുമ്പാശേരിയിലും അഗ്നിബാധയുണ്ടായി. ഇന്നലെ രാത്രി 12 മണിയോടെ വിമാനത്താവളത്തിന് സമീപമുള്ള ആപ്പിൾ റസിഡൻസിയുടെ കാർ പാർക്കിങ്ങിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിശമനസേനയെത്തി തീയണച്ചു. ഒരു കാർ പൂർണമായും കത്തി നശിച്ചു. മൂന്ന് കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. ആർക്കും പരിക്കില്ല. ഹോട്ടലിലെ എസിയും മറ്റ് വയറുകളും കത്തിപ്പോയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..