03 November Sunday

കെട്ടിടത്തിന് തീപിടിച്ചു: മുകൾനിലയിൽ കുടുങ്ങിയ അതിഥിതൊഴിലാളികളെ രക്ഷിച്ച് അഗ്നിശമനസേന

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

രാമനാട്ടുകര > രാമനാട്ടുകരയിൽ കെട്ടിടത്തിന് തീപിടിച്ചു. തീപിടിത്തത്തിൽ മുകൾ നിലയിലെ മുറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് അതിഥി തൊഴിലാളികളെ മീഞ്ചന്ത അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോഴിക്കോട്- പാലക്കാട് ഹൈവേയിലുള്ള പികെഎസ് ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. ബിൽഡിംഗിൻ്റെ കോണിപ്പടിയുടെ അറ്റകുറ്റപ്പണിക്കായി വെൽഡിങ് ചെയ്യുന്നതിനിടെ താഴെ കൂട്ടിയിട്ടിരുന്ന പേപ്പർ കവറുകളിലും തുണി വേസ്റ്റുകളിലും തീപ്പൊരി വീണതാണ് അപകട കാരണം. ഉടൻ തന്നെ അഗ്നിശമസേനയെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന വസ്ത്രക്കടയിലേയ്ക്ക് തീ പടർന്നില്ല.
 
ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. കടുത്ത ചൂടും പുകയും കാരണം രക്ഷപ്പെടാനായി മൂന്നാമത്തെ നിലയിലേക്ക് കയറിയ അതിഥിത്തൊഴിലാളികളെ അഗ്നിരക്ഷാസേനാംഗങ്ങൾ സുരക്ഷിതമായി താഴെയെത്തിച്ചു. മൂന്ന് പേരെയും പ്രാഥമിക പരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സനൽ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഓഫീസർമാരായായ ജോസഫ് ബാബു, സി കെ അഖിൽ, പി അനൂപ്, കെ നിജീഷ്, അബ്ദുൽ സലാം, കെ പി അമീറുദ്ദീൻ, കെ പി ശ്വേത, സ്വാതി കൃഷ്ണ, ജിതിൻ ബാബു, ഹോം ഗാർഡുമാരായ എസ് പി മനോഹരൻ, എൻ അനൂപ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top