23 September Monday

ഫയർ ആൻഡ്‌ റെസ്‌ക്യൂ സർവീസസ് തീയണയ്‌ക്കുന്നതിനപ്പുറം ദുരന്ത രക്ഷാസേനയായി : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


തൃശൂർ
കേവലം തീയണയ്‌ക്കുന്ന സേനക്കപ്പുറം കഴിഞ്ഞ എട്ടുവർഷം കൊണ്ട്‌ ദുരന്തങ്ങളിൽ രക്ഷക്കെത്തുന്ന സേനയായി ഫയർ ആൻഡ്‌ റെസ്‌ക്യൂ സർവീസ്‌ മാറിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയം, ഉരുൾപൊട്ടൽ മാത്രമല്ല പകർച്ചവ്യാധി നിയന്ത്രണ ഘട്ടത്തിലും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. ഫയർ ആൻഡ്‌ റെസ്‌ക്യൂ സർവീസസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 315 പരിശീലനാർഥികളുടെ സംയുക്ത പാസിങ്‌ ഔട്ട്‌ പരേഡിൽ അഭിവാദ്യം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത്‌ ദുരന്ത സാഹചര്യത്തേയും അവസരോചിതമായി നേരിടാൻ സേനയെ  ശക്തിപ്പെടുത്തലാണ്‌ സർക്കാരിന്റെ നിലപാട്‌. കാലോചിതമായി പരിഷ്‌കരിക്കാനുണ്ട്‌.

അപകട രക്ഷാപ്രതിരോധ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നതിനായി അഗ്നിരക്ഷാ വകുപ്പിന് കീഴിൽ ആരംഭിച്ച സിവിൽ ഡിഫൻസ് ഫോഴ്‌സിൽ കൂടുതൽ പേരെ അംഗങ്ങളാക്കും. 6200 പേർ പരിശീലനം പൂർത്തിയാക്കി സേവന സജ്ജരായി. 1000 പേർക്ക്‌ ഉയർന്ന കോഴ്‌സുകളിൽ പരിശീലനം നൽകും. രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുത്ത 3300 പേർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. ഇതോടെ അഗ്നിരക്ഷാ സേനക്ക്‌ കൂടുതൽ സഹായം നൽകാൻ കഴിയുന്ന 10,000 പേരെ സംസ്ഥാനത്ത്‌ വിന്യസിക്കാനാകും. ഇവർക്കായി ഗം ബൂട്ട്, ഹെൽമെറ്റ് തുടങ്ങിയ വ്യക്തി സുരക്ഷാ ഉപകരണങ്ങളും ആംബുലൻസ്, എംഇവി വാഹനങ്ങളും ആശയവിനിമയത്തിനുള്ള സംവിധാനങ്ങളും ലഭ്യമാക്കി.

സാഹസിക രക്ഷാപ്രവർത്തനത്തിനായി 30 പേരങ്ങുന്ന പ്രത്യേക ദൗത്യസേനയും ജലാശയ അപകടങ്ങളിൽ നിന്നും ഫലപ്രദമായ രക്ഷാപ്രവർത്തനം നടത്താൻ സ്‌കൂബാ സംഘവും സജ്ജമാണ്. കൂടുതൽ അപകട സാധ്യത മേഖലകളിൽ ഉപയോഗിക്കുന്നതിന് റോബോട്ടിക്ക് ഫയർ ഫൈറ്റിങ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ചരിത്രത്തിൽ ആദ്യമായി അഗ്നിരക്ഷാസേനയിൽ വനിതകളെ റിക്രൂട്ട് ചെയ്തത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. ആദ്യ പടിയായി 100 തസ്തികകൾ സൃഷ്ടിച്ചു. 82 വനിതാ ഓഫീസർമാർ കടന്നുവന്നു. സേനയിൽ ലിംഗ സമത്വം ഉറപ്പാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു.

അഗ്നിരക്ഷാ സേനയിൽ
315 അംഗങ്ങൾകൂടി
കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ പുതുതായി 315 സേനാംഗങ്ങൾ കൂടി. 37-ാമത്‌ ബാച്ചിലെ 277, 38 -ാമത്‌ ബാച്ചിലെ 18, 31- -ാമത്‌ ബാച്ചിലെ 20 (ഡ്രൈവർമാർ) ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓഫീസർമാരുടെ സംയുക്ത പാസിങ്‌ ഔട്ട്‌ പരേഡാണ്‌ വിയ്യൂർ ഫയർ ആൻഡ്‌  റെസ്‌ക്യു സർവീസസ് അക്കാദമിയിൽ നടന്നത്‌. മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. കേരളാ ഫയർ  ആൻഡ്‌  റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ പത്മകമാർ, ഡയറക്ടർ ടെക്നിക്കൽ എം നൗഷാദ്, അക്കാദമി ഡയറക്ടർ എം ജി രാജേഷ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു.  തൃശൂർ, എറണാകുളം പൊലീസ്‌ ഡിഐജി തോംസൺ ജോസ്‌, സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോ എന്നിവർ പങ്കെടുത്തു. അക്കാദമി അസി. ഡയറക്ടർ റെനി ലൂക്കോസ് പരിശീലനാർഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി എസ്‌ അജിലേഷാണ്‌ പാസിങ്‌ ഔട്ട്‌ പരേഡ് നയിച്ചത്.

പ്ലസ്‌ടു അടിസ്ഥാന യോഗ്യതയുള്ള സേനയിൽ അംഗമായ 315 പേരിൽ എംടെക്ക് യോഗ്യതയുള്ള  നാലുപേരും എംബിഎയുള്ള രണ്ടുപേരും ബിഎഡുകാരായ മൂന്നുപേരുമുണ്ട്‌. 24 ഇതര ബിരുദാനന്തര ബിരുദധാരികളും 51 ബിടെക് ബിരുദധാരികളും 158 ബിരുദധാരികളും 35 ഡിപ്ലോമക്കാരും എട്ട്‌ ഐടിഐക്കാരും പ്ലസ്ട്‌ യോഗ്യതയുള്ള 17 പേരും ഉൾപ്പെടുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top