എറണാകുളത്ത് ആക്രി ഗോഡൗണിൽ
കൊച്ചി
എറണാകുളം സൗത്ത് റെയിൽവേ മേൽപ്പാലത്തിനുസമീപത്തെ ആക്രിഗോഡൗണിൽ വൻ തീപിടിത്തം. ഗോഡൗണിൽ ഉറങ്ങുകയായിരുന്ന എട്ട് നേപ്പാൾ സ്വദേശികളായ തൊഴിലാളികളെ രക്ഷപ്പെടുത്തി. റെയിൽട്രാക്കിന് സമീപമായിരുന്നു സംഭവം. ഇതോടെ രണ്ടരമണിക്കൂർ ട്രെയിൻഗതാഗതം മുടങ്ങി.
ഞായർ പുലർച്ചെ രണ്ടോടെയായിരുന്നു നഗരത്തെ മണിക്കൂറുകൾ ഭീതിയിലാഴ്‌ത്തിയ തീപിടിത്തം. ഗോഡൗണിന് സമീപത്തെ വീടിലേക്കും തീപടർന്നു. വീട് ഭാഗികമായി നശിച്ചു. ഗോഡൗണിന് അകത്ത് നേപ്പാൾ സ്വദേശികളായ എട്ട് തൊഴിലാളികളുണ്ടായിരുന്നു. ഗാന്ധിനഗർ അഗ്നി രക്ഷാസേനാംഗങ്ങളും സൗത്ത് പൊലീസും ചേർന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഗോഡൗണിലുണ്ടായിരുന്ന 12 പഴയ പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. വൈദ്യുതി ലൈനുകളിലേക്കും തീപടർന്നു. സമീപത്തെ ലോഡ്‌ജുകളിൽനിന്ന് 10 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി.
മേൽപ്പാലത്തിന് മുകളിൽ നിന്നാണ് അഗ്നി രക്ഷാസേന ആദ്യം വെള്ളം ചീറ്റിച്ചത്. പിന്നീഡ് ഷെഡ് പൊളിച്ച് അകത്തേക്ക് കയറിയും തീയണച്ചു. നാലുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കാനായത്. പത്ത് ഫയർ സ്‌റ്റേഷനുകളിൽനിന്നായി 65 അഗ്നി രക്ഷാ സേനാംഗങ്ങളാണ് ദൗത്യത്തിൽ പങ്കാളിയായത്. ചലച്ചിത്ര നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ.
അജിത് ഓടി,
അമ്മയുമായി
കൊച്ചി
‘‘അമ്മയെയുംകൂട്ടി പുറത്തേക്ക് ഓടുകയായിരുന്നു. സംഭവം അഗ്നി രക്ഷാസേനയെയും അറിയിച്ചു. എന്നാൽ വീട്...'' അജിത് ഭാസ്‌കറിന്റെ വാക്കുകളിൽ നടുക്കമൊഴിഞ്ഞിരുന്നില്ല. തീപിടിത്തമുണ്ടായ ഗോഡൗണിന്റെ പുറകുവശത്തോട് ചേർന്ന് അജിത്തിന്റെ വീട്ടിലെ ചുവരുകൾ വിണ്ടുകീറി. ടിവി, ഫ്രിഡ്ജ്, വയറുകൾ അടക്കം പൂർണമായും കത്തിനശിച്ചു.
വർക്‌ഷോപ്പ് ഉടമയാണ് അജിത്. തീപിടിത്തമുണ്ടായ ഗോഡൗണിന് സമീപത്താണ് വീടും വർക്‌ഷോപ്പും. വർക്‌ഷോപ്പ് പൂട്ടിയശേഷം ഒന്നരയോടെയാണ് വീട്ടിലേക്ക് എത്തിയത്. ഉറക്കത്തിലേക്ക് പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. തീപടരുന്ന ശബ്ദംകേട്ടു–- അജിത് പറഞ്ഞു. ‘ഞാനും കണ്ടു തീകത്തുന്നത്. ഓടി വാ എന്ന് അജിത്തിനോട് പറഞ്ഞു’–- അമ്മ എഴുപത്തഞ്ചുകാരിയായ സരസ്വതിയമ്മയുടെ വാക്കുകൾ. ഉടൻ അമ്മയുമായി പുറത്തേക്ക് ഓടുകയായിരുന്നു. അഗ്നി രക്ഷാസേനയെയും വിളിച്ചു. ഗോഡൗണിൽ തൊഴിലാളികളുള്ള വിവരവും പറഞ്ഞു–- അജിത് പറഞ്ഞു.
തീ വിഴുങ്ങാനെത്തിയത് ഉറക്കത്തിൽ; സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു
കൊച്ചി
‘സംഭവം നടക്കുമ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾ നല്ല ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ടാണ് അവർ എഴുന്നേൽക്കുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ അവര്‍ വളരെ പരിഭ്രാന്തരായിരുന്നു. അവരെ ഉടൻതന്നെ സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും രക്ഷാദൗത്യത്തിനിടെ പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു’ ഗാന്ധിനഗർ ഫയർ സ്‌റ്റേഷൻ ഓഫീസർ ആർ രാജേഷ്‌കുമാറിന്റെ വാക്കുകളിലുണ്ട് സൗത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ വൻ തീപിടിത്തത്തിന്റെ തീവ്രത.
‘ഞായര്‍ പുലർച്ചെ 2.10നാണ് സ്‌റ്റേഷനിൽ കോൾ വരുന്നത്. ഉടൻ സ്ഥലത്തേക്ക് കുതിച്ചു. വൈദ്യുതിലൈനിലേക്ക് തീപടർന്നതും ഇടുങ്ങിയ വഴിയുമെല്ലാം ഗോഡൗണിന് സമീപത്തേക്ക് വേഗമെത്താന് തടസ്സമായി. ആദ്യം മേൽപ്പാലത്തിന് മുകളിൽനിന്ന് വെള്ളം ചീറ്റിക്കാൻ തുടങ്ങി. സമീപത്തുള്ളവരെയെല്ലാം ഒഴിപ്പിച്ചു. ഗോഡൗണിന്റെ പിന്നിലായിരുന്നു തീയുടെ ഉറവിടം, അവിടേക്ക് എത്താനും ബുദ്ധമുട്ടുണ്ടായി. ഗോഡൗൺ കുറച്ചുഭാഗം പൊളിച്ചാണ് അകത്തേക്ക് കയറിയത്. സിലിണ്ടറുകൾ പൊട്ടിത്തെറിച്ചിട്ടും പിന്മാറിയില്ല. പൊട്ടാതിരുന്ന നാല് സിലിണ്ടറുകൾ പുറത്തെത്തിച്ചു.
അതിനിടെ ക്ലബ് റോഡ് സ്‌റ്റേഷനിലെ സനൽകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ക്ലബ് റോഡ്, തൃക്കാക്കര, തൃപ്പൂണിത്തുറ, ഏലൂർ, നോർത്ത് പറവൂർ, മൂവാറ്റുപുഴ, പിറവം, ചേർത്തല, അരൂർ ഉൾപ്പെടെ സ്‌റ്റേഷനുകളിലെ സേനാംഗങ്ങൾ എത്തിയിരുന്നു’–- രാജേഷ് കുമാർ പറഞ്ഞു.
വിമാനത്താവളത്തിനുസമീപം
ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്തും
നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപത്തെ ആപ്പിൾ റസിഡൻസി ഹോട്ടലിന്റെ പാർക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ കാറുകളും ബൈക്കുകളും കത്തിനശിച്ചു. ഞായർ പുലർച്ചെ 12.05 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് താമസക്കാർ പറഞ്ഞു.
അങ്കമാലി അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ, വലിയ ദുരന്തം ഒഴിവായി. 134 മുറികളുള്ള കെട്ടിടത്തിൽ തീപിടിച്ച ഉടനെ താമസക്കാർ പുറത്തിറങ്ങിയിരുന്നു. അകത്ത് കുടുങ്ങിയ ഒരു യുവതിയെ ഗോവണിവച്ച് അഗ്നി രക്ഷാസേന പുറത്തെത്തിച്ചു. തീപിടിത്തത്തിൽ ഒരു കാർ പൂർണമായും രണ്ടു കാറുകൾ ഭാഗികമായും കത്തി. നിരവധി ബൈക്കുകളും കത്തിനശിച്ചു. ഹോട്ടലിലെ എസിയും മറ്റ് ഇലക്ട്രിക് വയറിങ്ങുകളും കത്തിപ്പോയി. പാർക്കിങ് ഏരിയയിൽ കത്തിയ കാറിൽനിന്നാണ് തീപടർന്നതെന്ന് കരുതുന്നതായി അഗ്നി രക്ഷാസേന പറഞ്ഞു.
പൊലീസ് അന്വേഷണം തുടങ്ങി
കൊച്ചി
ആക്രി ഗോഡൗണിലെ തീപിടിത്തത്തിൽ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള കാരണങ്ങളാണ് സംശയിക്കുന്നത്. സമീപത്തെ വൈദ്യുതിലൈൻ പൊട്ടിക്കിടന്നിരുന്നു. ചെമ്പ് അടങ്ങിയ ആക്രിസാധനങ്ങളും ഗോഡൗണിലുണ്ട്. ഇതിൽനിന്ന് ചെമ്പ് എടുക്കാൻ ഇത്തരം സാധനങ്ങൾ തൊഴിലാളികൾ കത്തിക്കാറുണ്ട്. ഇതാണോ അപകടത്തിനിടയാക്കിയതെന്നും പരിശോധിക്കുന്നു. ആരെങ്കിലും തീയിട്ടതാണോയെന്നും അന്വേഷിക്കുന്നു. 15 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
സുരക്ഷാക്രമീകരണങ്ങളിൽ വീഴ്‌ച
കൊച്ചി
തദ്ദേശവകുപ്പ് പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കാതെയാണ് ആക്രിഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്ന് അഗ്നിരക്ഷാസേന. പാഴ്‌വസ്‌തു സംഭരണ കേന്ദ്രങ്ങളിൽ തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഒരുക്കിയിരുന്നില്ലെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..