25 November Monday

യുവതിക്കെതിരെ വെടിയുതിർത്ത സംഭവം: ഒരു വർഷത്തെ ആസൂത്രണം; വഴിതെറ്റിക്കാൻ ഊടുവഴികൾ

സ്വന്തം ലേഖകൻUpdated: Thursday Aug 1, 2024

തിരുവനന്തപുരം > തിരുവനന്തപുരത്ത് വീട്ടിൽക്കയറി യുവതിക്കുനേരെ വെടിയുതിർത്ത കേസിലെ പ്രതി ദീപ്തിമോൾ ജോസ്‌ എത്തിയത്‌ കൃത്യമായ പരിശീലനത്തിനു ശേഷം. ഒരു വർഷത്തെ പരിശീലനത്തിനും ആസൂത്രണത്തിനും ശേഷമാണ്‌ വെടിവയ്‌ക്കാൻ എത്തിയത്‌. എയർ ഗണ്ണുപയോഗിക്കാൻ വീട്ടിൽ പരിശീലിച്ചിരുന്നുവെന്ന്‌ ഇവർ പൊലീസിന്‌ മൊഴി നൽകി. കൃത്യം നിർവഹിച്ചശേഷം പാരിപ്പള്ളി വരെ ദേശീയപാതയിൽ സഞ്ചരിച്ച പ്രതി പൊലീസിനെ വഴിതെറ്റിക്കാനായി പിന്നീട്‌ ഉൾവഴികളിലൂടെയാണ്‌ സഞ്ചരിച്ചതെന്നും അന്വേഷകസംഘം കണ്ടെത്തി.

ഭർത്താവിന്റെ അച്ഛന്റെ കാറാണ്‌ ദീപ്‌തി കൃത്യത്തിനായി ഉപയോഗിച്ചത്‌. വ്യാജ നമ്പർ പ്ലേറ്റിന്‌ പുറമെ എൽ ബോർഡും ഒട്ടിച്ചിരുന്നു. ഭർതൃപിതാവ്‌ അഭിഭാഷകൻ ആയതിനാൽ ഈ ചിഹ്നം കാറിന്‌ മുകളിലുണ്ടായിരുന്നു. ഇത്‌ മറയ്‌ക്കാനാണ്‌ എൽ ബോർഡ്‌ ഒട്ടിച്ചത്‌. എന്നാൽ, മികച്ച വൈദഗ്‌ധ്യമുള്ളയാളാണ്‌ കാറോടിച്ചതെന്ന്‌ പൊലീസിന്‌ മനസ്സിലായിരുന്നു. വെടിയുതിർത്തശേഷം 1.10 മണിക്കൂറിൽ ഇവർ പാരിപ്പള്ളിയിലെത്തി. ഭർത്താവ്‌ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ്‌ ഇവർ കാർ കൊണ്ടുപോയത്‌. അവിടെവച്ച്‌ വ്യാജ നമ്പർ പ്ലേറ്റ്‌ ഊരിമാറ്റി. പിന്നീട്‌ കാർ ഭർത്താവിന്‌ കൈമാറി, അദ്ദേഹത്തിന്റെ കാറുമായി വീട്ടിലേക്ക്‌ പോയി. ഭർതൃപിതാവിന്റെ കാർ ആയൂരിലെ വീട്ടിൽ എത്തിക്കണമെന്നും തന്റെ വാഹനം അവിടെനിന്ന്‌ കൊണ്ടുവരണമെന്നുമാണ്‌ ഭർത്താവിനോട്‌ പറഞ്ഞിരുന്നത്‌.

അക്രമം നടക്കുന്ന സമയം ഫോൺ ഓഫ്‌ ചെയ്‌തിരുന്നു. പിന്നീട്‌ പാരിപ്പള്ളിയിൽ എത്തിയപ്പോഴാണ്‌ ഓണാക്കിയത്‌. കാമറകളിലെ സമയം പൊലീസ്‌ രേഖപ്പെടുത്തിയിരുന്നു. ഇവർ പാരിപ്പള്ളിയിൽ എത്തിയ സമയം ഫോൺ ഓണായത്‌ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിനിടെ വെടിയേറ്റ യുവതിയുടെ ഭർത്താവിൽനിന്ന്‌ ലഭിച്ച വിവരങ്ങൾകൂടി പരിശോധിച്ചതോടെ പ്രതി ഡോക്‌ടറാണെന്ന്‌ ഉറപ്പായി.

ആയൂരിലെ വീട്ടിലെത്തിച്ച വാഹനം പൊലീസ്‌ തിരിച്ചറിഞ്ഞു. ചൊവ്വാഴ്‌ച ആശുപത്രിയിൽ ജോലിക്കെത്തിയപ്പോഴാണ്‌ പൊലീസ്‌ ദീപ്‌തിയെ കസ്റ്റഡിയിലെടുത്തത്‌. ആദ്യം കുറ്റം നിഷേധിച്ച ദീപ്‌തി തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
ഒരുവർഷം മുമ്പ്‌ പെരുന്താന്നിയിലെത്തിയ ഇവർ വീട്ടിലേക്കെത്താനും രക്ഷപ്പെടാനുമുള്ള വഴികൾ കണ്ടുവച്ചിരുന്നു.

പ്രതിയെ തിരുവനന്തപുരം ജെഎഫ്‌സിഎം കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തു. ഞായറാഴ്‌ച രാവിലെ പെരുന്താന്നിയിലുള്ള വീട്ടിലെത്തിയ ദീപ്‌തിമോൾ യുവതിക്കെതിരെ വെടിയുതിർത്തശേഷം രക്ഷപ്പെടുകയായിരുന്നു. ദീപ്‌തി നേരത്തേ യുവതിയുടെ ഭർത്താവുമായി സൗഹൃദത്തിലായിരുന്നു. ഇയാളുമായി തെറ്റിപ്പിരിഞ്ഞതിലെ വൈരാഗ്യമാണ്‌ അക്രമത്തിലേക്ക്‌ നയിച്ചത്‌.

കോവിഡ്‌ കാലത്ത്‌ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്‌തിരുന്ന ദീപ്‌തി യുവാവുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട്‌ ഇരുവരും തെറ്റിപ്പിരിഞ്ഞു. തുടർന്ന്‌ യുവാവ്‌ വിദേശത്തേക്ക്‌ പോവുകയും ചെയ്‌തു. ഇതോടെ ദീപ്‌തി മാനസിക സമ്മർദത്തിലായി. താൻ അനുഭവിച്ച മാനസിക സമ്മർദം മുൻ സുഹൃത്തും അനുഭവിക്കണമെന്ന വാശിയാണ്‌ ദീപ്‌തിയെ തോക്കിന്റെ വഴി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്‌.

യുവാവ്‌ തന്നെ വഞ്ചിച്ചെന്ന തോന്നലാണ്‌ ഇവരിൽ വൈരാഗ്യമുണ്ടാക്കിയത്‌. നേരത്തേ യുവാവിന്റെ കുടുംബത്തിന്റെ ചികിത്സാ കാര്യങ്ങളും ഇവർ ശ്രദ്ധിച്ചിരുന്നു. വെടിയേറ്റ യുവതിയും ഇവരും തമ്മിൽ പലതവണ ഫോണിൽ സംസാരിച്ചിട്ടുമുണ്ട്‌. മക്കളുടെ ചികിത്സയും രോഗവിവരങ്ങളും സംബന്ധിച്ച കാര്യങ്ങളായിരുന്നു സംസാരിച്ചിരുന്നത്‌.

ചൊവ്വ ഉച്ചയോടെ വഞ്ചിയൂർ സിഐ ഷാനിഫിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത ദീപ്‌തിയുമായി കൊല്ലത്തെ വീട്ടിലെത്തി തെളിവെടുപ്പ്‌ നടത്തിയിരുന്നു. റിമാൻഡിലായ ദീപ്‌തിയെ അടുത്ത ദിവസം പൊലീസ്‌ വീണ്ടും കസ്റ്റഡിയിലാവശ്യപ്പെടും. വിവിധ സ്ഥലങ്ങളിൽ എത്തിച്ച്‌ തെളിവെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top