കൊച്ചി > തിരുവനന്തപുരം വഞ്ചിയൂരിൽ യുവതിയെ എയർ പിസ്‌റ്റൽ ഉപയോഗിച്ച് വെടിവച്ച് പരിക്കേൽപ്പിച്ച വനിതാ ഡോക്ടർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വഞ്ചിയൂർ പടിഞ്ഞാറെകോട്ട പങ്കജ് വീട്ടിൽ ഷിനിയെ വെടിവച്ച് പരിക്കേൽപ്പിച്ച ഡോ. ദീപ്തിമോൾ ജോസിനാണ് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥ. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം.
എൺപത്തിനാലു ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂർത്തിയായതും പരിഗണിച്ചാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നടപടി. കഴിഞ്ഞ ജൂലൈ 28നായിരുന്നു കേസിനാസ്‌പദമായ സംഭവം. കൊറിയർ വിതരണക്കാരിയെന്ന വ്യാജേന ഷിനിയുടെ വീട്ടിലെത്തിയാണ് വെടിവച്ചത്. ഷിനിക്കുനേരെ മൂന്നുതവണ വെടിയുതിർത്തെങ്കിലും ഉന്നംതെറ്റി കൈയിലാണ് കൊണ്ടത്. ഡോ. ദീപ്‌തിമോൾ ജോസ് ജൂലൈ 31നാണ് അറസ്റ്റിലായത്. ഷിനിയുടെ ഭർത്താവുമായി പ്രതിക്ക് ഉണ്ടായിരുന്ന വിവാഹേതരബന്ധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..