21 December Saturday

യുവതിയെ വെടിവച്ച കേസ്‌: വനിതാ ഡോക്ടറുടെ ജാമ്യഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കൊച്ചി > മുൻ സുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ കയറി വെടിവച്ച കേസിൽ വനിതാ ഡോക്ടറുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം വഞ്ചിയൂരിൽ എൻഎച്ച്‌എം ജീവനക്കാരി വി എസ്‌ ഷിനിയെ എയർപിസ്റ്റൾകൊണ്ട് വെടിവച്ച ഡോ. ദീപ്തിമോൾ ജോസിന്റെ ജാമ്യഹർജിയാണ് ജസ്റ്റിസ് സി എസ് ഡയസ് തള്ളിയത്.

ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യം ചെയ്തതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും അന്വേഷണം പൂർത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ജൂലൈ 28നായിരുന്നു കേസിനാസ്‌പദമായ സംഭവം.ഷിനിക്കുനേരെ മൂന്നുതവണ വെടിയുതിർത്തെങ്കിലും ഉന്നംതെറ്റി കൈയിലാണ്‌ കൊണ്ടത്‌. ഡോ. ദീപ്‌തിമോൾ ജോസ്‌ ജൂലൈ 31നാണ് അറസ്റ്റിലായത്. നിരപരാധിയാണെന്നും അറസ്റ്റിലായ ദിവസംമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും സ്ത്രീയെന്ന പരിഗണനകൂടി നൽകി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.

എന്നാൽ, ഷിനിയുടെ ഭർത്താവ് സുജിത്തുമായി പ്രതിക്ക് വിവാഹേതരബന്ധമുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പിന്നീട് ഇയാൾ ഇവരിൽനിന്ന്‌ അകന്നു. ഇതിന്‌ കാരണം ഷിനിയാണെന്നു കരുതി അവരെ ഇല്ലാതാക്കാൻ ദീപ്തിമോൾ തീരുമാനിച്ചു. ഓൺലൈൻവഴിയാണ്‌ എയർപിസ്റ്റൾ വാങ്ങിയത്‌. വെടിവയ്‌ക്കാൻ യൂട്യൂബ് മുഖേന പഠിച്ചശേഷമാണ്‌ സുഹൃത്തിന്റെ കാറിൽ ഷിനിയുടെ വീട്ടിലെത്തിയത്‌. കൊറിയർ കൈമാറാനെന്ന വ്യാജേന വീട്ടിൽ കടന്ന് വെടിവയ്‌ക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top