കൊച്ചി > ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ പോലെയുള്ള കായിക താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സ്‌കൂൾ ഒളിമ്പിക്സ് നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നവംബർ 4 മുതൽ 11 വരെ കൊച്ചിയിലാണ് പ്രഥമ ‘കേരള സ്‌കൂൾ ഒളിമ്പിക്സ് കൊച്ചി ട്വന്റി ഫോർ’ നടക്കുന്നത്.
സംസ്ഥാനത്ത് 45 ലക്ഷം വിദ്യാർഥികൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമ പരിഗണന വിഷയങ്ങളിൽ ഒന്നാണ് ആരോഗ്യവും സ്പോർട്സും. കുട്ടികളുടെ കായിക പ്രതിഭ ചെറിയ പ്രായത്തിൽ കണ്ടെത്തി സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാകുന്ന ഇൻക്ലൂസിവ് സ്പോർട്സ് ഒളിമ്പിക്സിന്റെ ഭാഗമാകും. 24,000 കായികതാരങ്ങൾ അണിനിരക്കുന്ന ലോകത്ത് തന്നെ ഏറ്റവും വലിയ കൗമാര കായിക മേളയാകും ഇത്. എറണാകുളം ജില്ലയിൽ 16 മത്സരവേദികളിലാണ് ഒളിമ്പിക്സ് അരങ്ങേറുക. ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന വിപുലമായ സമാപന സമ്മേളനം സംഘടിപ്പിക്കും.
കഴിഞ്ഞദിവസം കേരള സ്‌കൂൾ ഒളിമ്പിക്സിന്റെ സംഘാടകസമിതി യോഗം കൊച്ചിയിൽ ചേർന്നിരുന്നു. 15 സബ് കമ്മിറ്റികൾക്ക് യോഗം അംഗീകാരം നൽകി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികൾ ചെയർമാൻമാരായും അധ്യാപക സംഘടന ഭാരവാഹികൾ കൺവീനർമാരായും ഉള്ള കമ്മിറ്റികളാണ് നിലവിൽ വന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കമ്മിറ്റികളിലും വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു പ്രതിനിധി അംഗമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടകസമിതി ഓഫീസ് കൊച്ചി കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..