21 December Saturday

‘ഫസ്‌റ്റ്‌ പീപ്പിൾ’ നാളെയിറങ്ങും; ഗോത്രവിഭാഗത്തിൽനിന്നുള്ള ആദ്യ വസ്‌ത്രബ്രാൻഡ്‌

ശ്രീരാജ്‌ ഓണക്കൂർUpdated: Wednesday Sep 25, 2024

കൊച്ചി > ഫാഷൻലോകത്ത്‌ സ്വന്തമായി വസ്‌ത്ര ബ്രാൻഡ്‌. കുറുമ്പ സമുദായത്തിൽനിന്ന്‌ ഫാഷൻ ഡിസൈനറായി വളർന്ന മാനന്തവാടി സ്വദേശിനി പ്രിയയുടെ സ്വപ്‌നം വ്യാഴാഴ്‌ച യാഥാർഥ്യമാകുകയാണ്‌. ഗോത്രവിഭാഗത്തിൽനിന്നുള്ള ആദ്യ വസ്‌ത്രബ്രാൻഡ്‌ ‘ഫസ്‌റ്റ്‌ പീപ്പിൾ’ മന്ത്രി ഒ ആർ കേളു വ്യാഴാഴ്‌ച പുറത്തിറക്കും. കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ നാലിനാണ്‌ ചടങ്ങ്‌. സ്വന്തം ബ്രാൻഡിൽ നിർമിച്ച വെള്ളഷർട്ടും മുണ്ടുമാണ്‌ മന്ത്രിക്ക്‌ പ്രിയ സമ്മാനിക്കുക.

തൃശൂർ എസ്‌ഒഎസ്‌ അനാഥാലയത്തിൽ വളർന്ന എസ്‌ പ്രിയ, പ്രതിസന്ധികളോട്‌ പടവെട്ടിയാണ്‌ ഫാഷൻ ഡിസൈനറായത്‌. തൃശൂർ വിവേകോദയം സ്‌കൂളിൽനിന്ന്‌ പ്ലസ്‌ടു ജയിച്ചശേഷം ഫാഷൻ ഡിനൈസിങ്ങിൽ ബിരുദവും മുംബൈ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാഷൻ ടെക്‌നോളജിയിൽനിന്ന്‌ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ചാലക്കുടി നിർമല കോളേജിൽ ഗസ്‌റ്റ്‌ ലക്‌ചററായും ജോലി നോക്കി. സ്വന്തം വ്യവസായസംരംഭം എന്ന മോഹം പ്രിയയെ വസ്‌ത്രവിപണന മേഖലയിലേക്ക്‌ എത്തിക്കുകയായിരുന്നു.

കൊച്ചി കോർപറേഷന്റെ ട്രൈബൽ സബ്‌ പ്ലാനിൽനിന്ന്‌ സ്‌റ്റാർട്ടപ്പുകൾക്ക്‌ നൽകുന്ന സാമ്പത്തിക സഹായത്തോടെയാണ്‌ പ്രിയയുടെ സംരംഭം. ഗോത്രവിഭാഗത്തെ പ്രതിനിധീകരിച്ചാണ്‌ ‘ഫസ്‌റ്റ്‌ പീപ്പിൾ’ എന്ന പേര്‌. ലിനൻ, കോട്ടൺ വസ്‌ത്രങ്ങളാണ്‌ ഇറക്കാൻ ആഗ്രഹിക്കുന്നത്‌. പ്രകൃതിദത്തമായവയ്‌ക്കാണ്‌ പ്രാധാന്യം, ലളിതമായ ത്രെഡ്‌വർക്കുള്ള വസ്ത്രങ്ങൾ. കൊച്ചി ആസ്ഥാനമായി വസ്‌ത്രനിർമാണ യൂണിറ്റ്‌ ആരംഭിക്കാനാണ്‌ ഇഷ്ടം. സമൂഹമാധ്യമങ്ങൾവഴി ഓൺലൈനിൽ വിപണനം നടത്തണം. പട്ടികവർഗ വിഭാഗത്തിലുള്ള സ്‌ത്രീകൾക്ക്‌ ജോലി ലഭിക്കുന്നരീതിയിൽ സംരംഭം വളർത്തണമെന്നാണ്‌ ആഗ്രഹമെന്നും പ്രിയ പറഞ്ഞു. വൈറ്റില പൊന്നുരുന്നിയിലാണ്‌ പ്രിയ താമസിക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top