08 September Sunday
രൂപകൽപ്പനാ നയത്തിന്റെ ഭാഗമായുള്ള ആദ്യ പദ്ധതി

കൊല്ലം റെയിൽവേ മേൽപ്പാലത്തിനടിയിൽ ഓപ്പൺ ജിമ്മും ഭക്ഷണശാലയും; നിർമാണോദ്ഘാടനം ശനിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024


തിരുവനന്തപുരം> മേൽപ്പാലങ്ങളുടെ അടിയിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം ജനസൗഹൃദങ്ങളായ മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്ന രൂപകൽപ്പനാ നയത്തിന്റെ ഭാഗമായ പദ്ധതികൾക്ക് ശനിയാഴ്ച തുടക്കം. കൊല്ലം എസ്എൻ കോളേജിനു സമീപമുള്ള റെയിൽവേ മേൽപ്പാലത്തിന്റെ അടിവശമാണ് ആദ്യഘട്ടത്തിൽ ടൂറിസം വകുപ്പ് സൗന്ദര്യവൽക്കരിക്കുന്നത്.

നിർമാണോദ്ഘാടനം ശനി പകൽ 11.30ന് കൊല്ലം നെഹ്റു പാർക്കിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. മേൽപ്പാലത്തിനു കീഴിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള  70 സെന്റാണ്‌ പദ്ധതിക്കായി കണ്ടെത്തിയത്. ഉപയോഗിക്കാതെ കിടക്കുന്ന ഈ സ്ഥലം കുട്ടികൾക്കും ചെറുപ്പക്കാർക്കും വയോജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുത്തുകയാണ്‌ ലക്ഷ്യം.

നടപ്പാതകൾ, സ്ട്രീറ്റ് ഫർണിച്ചറുകൾ, ലഘുഭക്ഷണ കിയോസ്കുകൾ, ബാഡ്മിന്റൺ- ബാസ്കറ്റ്ബോൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്കേറ്റി​ങ് ഏരിയ, ഓപ്പൺ ജിം, യോഗ- മെഡിറ്റേഷൻ സോൺ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. നടത്തിപ്പിൽനിന്നു ലഭിക്കുന്ന വരുമാനം പരിപാലനത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി.

കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെടിഐഎൽ) ആണ് രൂപകൽപ്പന. മേൽനോട്ടം കെടിഐഎല്ലിനാണ്. പദ്ധതിക്കായി രണ്ടു കോടി രൂപയുടെ ഭരണാനുമതി നൽകി. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ്‌ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top