കോഴിക്കോട് > ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ലക്ഷദ്വീപിൽ നിന്നുള്ള അഹല്‍ ഫിഷറീസ് എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ട് മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ ലക്ഷദ്വീപ് സ്വദേശികളായ താജുൽ അക്ബർ (27) , എം മുഹമ്മദ് റാസിക് ( 37 ) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടുദിവസം മുന്‍പാണ് ബോട്ട് ബേപ്പൂരിലെത്തിയത്. ഇന്നലെ രാത്രി 11.45-ഓടെയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ധനം നിറച്ച ബോട്ടായതിനാല്‍ തീ വളരെ വേഗത്തിൽ പടര്‍ന്നു. ബോട്ടിലെ വല , എഞ്ചിൻ , വീൽ ഹൗസ് , ഡെക്ക് , മറ്റു ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ പൂർണമായും കത്തിച്ചാമ്പലായി. പരിക്കേറ്റവരെ മറ്റു ബോട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകള്‍ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.
അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. മീഞ്ചന്ത അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഇ ശിഹാബുദ്ധീൻ, അബ്ദുൽ ഫൈസി, എസ്എഫ്ആർഒ പി സി മനോജ് എന്നിവരുടെ നേതൃത്തിൽ ബീച്ച്, മീഞ്ചന്ത, നരിക്കുനി, മുക്കം നിലയങ്ങളിലെ ജീവനക്കാരും കോസ്റ്റ് ഗാർഡ്, പോലീസ്, മറൈൻ എൻഫോഴ്സ്മെൻ്റ് ജങ്കാറിലെയും ജീവനക്കാർ മത്സ്യതൊഴിലാളികൾ എന്നിവരുടെ സഹായത്തോടെയാണ് തീ അണക്കാനായത്. സേനാംഗങ്ങൾ ബോട്ടിനു സമീപം ഫ്ലോട്ടിങ് പുമ്പുമായി എത്തി തീ അണക്കുന്നതിനിടെ മൂന്ന് തവണ സ്ഫോടനമുണ്ടായി. പുലർച്ചെ നാലോടെയാണ് തീ പൂർണമായും അണയ്ക്കാനായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..