കൽപ്പറ്റ > പാൽ, പാലുൽപ്പന്ന വിറ്റുവരവിൽ വർധന രേഖപ്പെടുത്തി മിൽമ. മിൽമയുടെയും മേഖല യൂണിയനുകളുടെയും 2023-–-24 വർഷത്തെ വിറ്റുവരവിൽ 5.52 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 4119.25 കോടി രൂപയുടെ വിറ്റുവരവായിരുന്നു. ഈ വർഷം 4346.67 കോടി രൂപയായി വർധിച്ചു. കൽപ്പറ്റയിലെ നടന്ന മിൽമയുടെ 51-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്.
ഫെഡറേഷന്റെ 70.18 കോടിയുടെ കാപിറ്റ ബജറ്റും 589.53 കോടി രൂപയുടെ റവന്യു ബജറ്റും യോഗത്തിൽ അവതരിപ്പിച്ചു. ക്ഷീരകർഷകർക്ക് ഓണസമ്മാനമായി കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസത്തേക്ക് നൽകാനും തീരുമാനിച്ചു. പാലുൽപ്പാദനം വർധിപ്പിക്കാനും ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തിയും നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് ചെയർമാൻ കെ എസ് മണി പറഞ്ഞു.
എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം ടി ജയൻ, തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, മിൽമ എംഡി ആസിഫ് കെ യൂസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിത പ്രദേശത്തെ ക്ഷീരകർഷകരെ ഫെഡറേഷൻ അംഗങ്ങൾ സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..