06 November Wednesday

മന്തിയിലും ചിക്കനിലും അപകടരമായ കൃത്രിമനിറങ്ങൾ

സ്വന്തം ലേഖികUpdated: Wednesday Nov 6, 2024

കൊല്ലം > മന്തിറൈസ്‌, ചില്ലി ഗോബി, മാരിനേറ്റഡ്‌ ചിക്കൻ എന്നിവയിൽ അപകടരമായ അളവിൽ കൃത്രിമനിറങ്ങൾ. കൽക്കരി ടാർ സംയുക്തങ്ങളിൽനിന്നു സംസ്കരിച്ച രാസവസ്തുക്കളാണ് കളറിനായി  ചേർത്തിട്ടുള്ളത്‌. അർബുദത്തിന്‌ കാരണമായേക്കാവുന്ന ചേരുവ. ബേക്കറി പലഹാരങ്ങളിലുമുണ്ട്‌ കൃത്രിമനിറം. റസ്‌ക്‌, മിക്‌സ്‌ചർ, നാരങ്ങ അച്ചാർ, ടൊമാറ്റോ മുറുക്ക്‌, മടക്കുബോളി, ഡയമണ്ട്‌ മിക്‌സ്‌, ഐസ്‌ക്രീം, വെട്ടുകേക്ക്‌ എന്നിവയും സുരക്ഷിതമല്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ബേക്കറി ഉൽപ്പന്നങ്ങളിൽ അസോഡൈകൾ, സൺസെറ്റ് യെല്ലോ, ടാർട്രാസൈൻ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തി. ഏഴുമാസത്തിനുള്ളിൽ 50 കേസ്‌ രജിസ്റ്റർ ചെയ്‌തു. ജില്ലയിലെ വിവിധ കോടതികളിൽ നൂറുകണക്കിന്‌ കേസുമുണ്ട്‌. 2023 – 24ൽ 61 കേസാണ്‌ രജിസ്റ്റർ ചെയ്‌തത്‌. മിക്‌സ്‌ചർ, മടക്കുബോളി, റസ്‌ക്‌, ഡയമണ്ട്‌ മിക്‌സ്‌, ബിംഗോ ലൂസ്‌, പച്ച പട്ടാണി, ഐസ്‌ക്രീം, സ്വീറ്റ്‌ മിക്‌സ്‌, ബോളി, ഏത്തയ്‌ക്കാ ചിപ്‌സ്‌, ഡാൽ മിക്‌സ്‌ചർ, പാലക്ക്‌ മുറുക്ക്‌, റിങ്‌ മുറുക്ക്‌, മധുരസേവ എന്നിവയിലാണ്‌  ടാർട്രാസിൻ ചേർക്കുന്നത്‌.

സൺസെറ്റ്‌ യെല്ലോ ചേർക്കുന്നതിൽ ഏറെയും ചില്ലി ഗോബി, മന്തി റൈസ്‌, മിക്‌സ്‌ചർ, ടൊമാറ്റോ മുറുക്ക്‌ എന്നിവയാണ്‌. തുണികളിലും കയറുൽപ്പന്നങ്ങളിലും നിറം നൽകുന്ന റോഡാമൈൻ ബി, മെറ്റാനിൽ യെല്ലോ, ഓറഞ്ച് -2 , മലാക്കൈറ്റ് ഗ്രീൻ, ഓറമിൻ, ക്വിനോലിൻ യെല്ലോ, അമരന്ത്, സുഡാൻ ഡൈകൾ പോലുള്ള നിരോധിത കളറുകളും ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നുണ്ട്‌.

ടട്രാസിൻ എന്ന യെല്ലോ -5   അലർജിക്കും ചർമത്തിൽ വീക്കം ഉണ്ടാകാനും കുട്ടികളിൽ ആസ്‌ത്‌മയ്ക്കും കാരണമാകും. കരൾ, വൃക്കകളുടെ പ്രവർത്തനം, ലിപിഡ് പ്രൊഫൈലുകൾ, പെരുമാറ്റ രീതി എന്നിവയെ സാരമായി ബാധിക്കും. ആട്രിയോ വെൻട്രിക്കുലാർ ബ്ലോക്ക് ശേഷിയുള്ളതാണ്‌ ഇൻഡിഗോ കാർമൈൻ.

നിറം ചേർക്കല്ലേ, പിടിവീഴും

കൃത്രിമനിറം, കേടാകാതിരിക്കാനുള്ള ചേരുവ, കൃത്രിമ മധുരം എന്നിവ നിയമവിരുദ്ധമായി ചേർക്കുന്നത് മൂന്നുമാസം തടവും മൂന്നു ലക്ഷം രൂപ  പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ‘നിറമല്ല രുചി' എന്ന പേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നുണ്ടെങ്കിലും ഉൽപ്പാദകർ ഇത്‌ മാനിക്കാത്ത സാഹചര്യത്തിൽ കർശന നടപടികളാണ്‌ എടുക്കുന്നതെന്ന്‌ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ്‌ കമീഷണർ ടി എസ്‌ വിനോദ്‌കുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top