തൃക്കാക്കര
എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 75 കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ക്യാമ്പിൽ സംഘർഷാവസ്ഥ. ക്യാമ്പ് പൊലീസ് നിർത്തിവയ്‌പിച്ചു. തൃക്കാക്കര കെഎംഎം കോളേജിലെ ക്യാമ്പിലാണ് സംഭവം. മീൻകറിയോടെയുള്ള ഉച്ചയൂണ് കഴിച്ചശേഷമാണ് വിദ്യാർഥികൾക്ക് വയറുവേദന അനുഭവപ്പെട്ടത്. എറണാകുളം ഗവ. മെഡിക്കൽ കോളേജ്, കാക്കനാട് സൺറൈസ്, ബി ആൻഡ് ബി, തൃക്കാക്കര സഹകരണ ആശുപത്രി എന്നിവിടങ്ങളിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവമറിഞ്ഞ് വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്ഥലത്തെത്തിയെങ്കിലും ക്യാമ്പിലേക്ക് കയറ്റിവിട്ടില്ല. ഇവർ പ്രതിഷേധിച്ചതോടെ സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടായി. ഗേറ്റ് തള്ളിത്തുറന്നാണ് രക്ഷിതാക്കൾ ക്യാമ്പിനകത്തേക്ക് കയറിയത്. സമാന സംഭവം, പെൺകുട്ടികൾ താമസിച്ചിരുന്ന കൊച്ചിൻ പബ്ലിക് സ്കൂളിലും ഉണ്ടായി. എൻസിസിയുടെ ഉത്തരവാദിത്വപ്പെട്ടവർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഫോൺ എടുത്തില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
കഴിഞ്ഞ ദിവസം ക്യാമ്പിൽനിന്ന് ഭക്ഷണം കഴിച്ചപ്പോഴും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും നിസ്സാരകാരണങ്ങൾക്ക് കടുത്ത ശിക്ഷാമുറകൾക്ക് വിധേയരാക്കിയെന്നും കേഡറ്റുകൾ പറഞ്ഞു. ആൺകുട്ടികൾ കെഎംഎം കോളേജിലും പെൺകുട്ടികൾ കൊച്ചിൻ പബ്ലിക് സ്കൂളിലുമാണ് ഉണ്ടായിരുന്നത്. ഒരേസ്ഥലത്തുനിന്നാണ് ഇവർക്ക് ഭക്ഷണം ഒരുക്കിയിരുന്നത്. തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗം ക്യാമ്പിലെത്തി ഭക്ഷണസാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
ഭക്ഷണത്തിന്റെയും പാചകം ചെയ്യാൻ ഉപയോഗിച്ച കിണറ്റിലെ വെള്ളത്തിന്റെയും പരിശോധനാഫലം വന്നശേഷമേ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകൂ.
അസി. പൊലീസ് കമീഷണർ പി വി ബേബിയുടെ നേതൃത്വത്തിൽ പൊലീസ് കെഎംഎം കോളേജിലെത്തി അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിഎംഒ റിപ്പോർട്ട് തേടി. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ 9, 10 ക്ലാസ് വിദ്യാർഥികളും കോളേജുകളിലെ രണ്ടും മൂന്നും വർഷ ബിരുദവിദ്യാർഥികളുമായി 600 കേഡറ്റുകൾ പങ്കെടുക്കുന്ന ക്യാമ്പ് ഇരുപതിനാണ് ആരംഭിച്ചത്. എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ ക്യാമ്പിൽ പ്രതിഷേധവുമായെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..