മാനന്തവാടി > വയനാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. ശാരീരികാസ്വാസ്ഥ്യം മൂലം ദ്വാരക എയുപി സ്കൂളിലെ നിരവധി കുട്ടികളാണ് ചികിത്സ തേടിയത്. 141 കുട്ടികളാണ് ചികിത്സ തേടിയത്. 102 വിദ്യാർഥികൾ മാനന്തവാടി മെഡിക്കൽ കോളേജിലും 32 കുട്ടികൾ പൊരുന്നന്നൂർ പിഎച്ച് സിയിലും നാല് കുട്ടികൾ മാനന്തവാടി സെൻ്റ് ജോസഫ് സ് ആശുപത്രിയിലും മൂന്ന് കുട്ടികൾ മാനന്തവാടി വിനായക ആശുപത്രിയിലും ചികിൽസ തേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. സ്കൂളിൽ നിന്ന് വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ദിയും, പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോറും സാമ്പാറും മുട്ടയും വാഴക്കാതോരനുമായിരുന്നു ഉച്ച ഭക്ഷണം.
ശനിയാഴ്ച രാവിലെ പത്തരയോടെ സ്കൂളിൽ വന്ന കുട്ടികളിൽ ചിലർക്ക് ഛർദിയും പനിയും വന്നത്. വൈകീട്ടോടെ കൂടുതൽ കുട്ടികൾക്ക് പ്രശ്നങ്ങളുണ്ടായി. ഭക്ഷ്യ വിഷബാധയാണ് പ്രാഥമിക സൂചനയെന്നും ഔദ്യോഗിക സ്ഥിരീകരണം മറ്റ് പരിശോധനകൾക്ക് ശേഷമേ ഉറപ്പാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 1300 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. മന്ത്രി ഒ ആർ കേളു, കലക്ടർ ഡി ആർ മേഘശ്രീ, സബ് കലക്ടർ, ഡിഎംഒ, തഹസിൽദാർ എന്നിവർ മെഡിക്കൽ കോളേജിലെത്തി കുട്ടികളെ സന്ദർശിച്ചു. കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്തുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..