തിരുവനന്തപുരം > ഓണക്കാലത്ത് തലസ്ഥാനത്ത് കാൽപ്പന്തിന്റെ ആരവം. തലസ്ഥാനത്തിന്റെ സ്വന്തം ടീമായ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻനായർ സ്റ്റേഡിയം അവസാനവട്ട ഒരുക്കത്തിലാണ്. കൊമ്പൻസ് എഫ്സിയുടെ ഹോം മത്സരം 16ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. തൃശൂർ മാജിക് എഫ്സിയുമായാണ് കൊമ്പന്മാരുടെ പോരാട്ടം.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പുതിയ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്. മൂന്ന് വർഷത്തേക്കാണ് കൊമ്പന്മാർ കേരള പൊലീസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം പാട്ടത്തിനെടുത്തത്. മൂന്ന് കോടിരൂപയോളം ചെലവിട്ടാണ് സ്റ്റേഡിയം നവീകരിക്കുന്നത്. പഴയ പുൽത്തകിടി കിളച്ചു മാറ്റി പുതിയതു സ്ഥാപിച്ചു. ഡ്രയിനേജ് സംവിധാനവും ഡ്രസിങ് റൂമും നവീകരിച്ചു. പതിനായിരത്തോളം പേർക്ക് ഗ്യാലറിയിലിരുന്ന് മത്സരം കാണാനാകും. ഓൺലൈനായിട്ടായിരിക്കും ടിക്കറ്റ് വിൽപ്പന. ഇതിന്റെ നിരക്കുകൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
1956ൽ സംസ്ഥാന പൊലീസിലെ ആദ്യ ഇൻസ്പെക്ടർ ജനറലായ എൻ ചന്ദ്രശേഖരൻ നായരുടെ സ്‌മരണയ്‌ക്കായാണ് സ്റ്റേഡിയം നിർമിച്ചത്.
സ്റ്റാർ സ്‌പോർട്‌സിലും ഹോട്‌സ്റ്റാറിലും കാണാം. സ്റ്റാർ സ്‌പോർട്‌സ് ചാനലിലും ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്‌സ്റ്റാറിലും തത്സമയം കളി കാണാം. മനോരമ മാക്‌സിലും മത്സരം ലഭ്യമാണ്. ഉദ്‌ഘാടന ദിവസം രാത്രി എട്ടിനാണ് കളി. മറ്റെല്ലാ ദിവസവും രാത്രി 7.30ന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..