11 October Friday

ഫോബ്സ് സമ്പന്ന പട്ടിക ; മലയാളികളിൽ മുന്നില്‍
 യൂസഫലിയും 
മുത്തൂറ്റ് കുടുംബവും

വാണിജ്യകാര്യലേഖകന്‍Updated: Friday Oct 11, 2024


കൊച്ചി
അമേരിക്കൻ ബിസിനസ് മാസികയായ ഫോബ്സിന്റെ ഈവർഷത്തെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടികയിൽ മലയാളികളില്‍ മുത്തൂറ്റ് ഫിനാന്‍സ് കുടുംബവും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും മുന്നില്‍. ആകെ ഏഴു മലയാളികളാണ് പട്ടികയിലുള്ളത്. 37–-ാം സ്ഥാനത്തുള്ള മുത്തൂറ്റ്  കുടുംബത്തിന് 7.8 ബില്യൺ ഡോളറും (ഏകദേശം 65,500 കോടി) മലയാളികളില്‍ വ്യക്തി​ഗതമായി ഒന്നാംസ്ഥാനത്തുള്ള യൂസഫലിക്ക് 7.4 ബില്യണ്‍ ഡോളറും (ഏകദേശം 62,142 കോടി) ആണ് ആസ്തി. 60–-ാംസ്ഥാനത്തുള്ള കല്യാണ്‍ ജ്വല്ലേഴ്സ് എംഡി  ടി എസ് കല്യാണരാമനാണ് മലയാളികളില്‍ മൂന്നാംസ്ഥാനത്ത്. 5.38 ബില്യൺ ഡോളറാണ് (45,178 കോടി) ആസ്തി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ​ഗോപാലകൃഷ്ണന്‍ (36,525 കോടി) നാലാംസ്ഥാനത്തുണ്ട്‌. ജെംസ് എഡ്യുക്കേഷൻ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (29,384 കോടി), ആര്‍പി ​ഗ്രൂപ്പ് മേധാവി രവിപിള്ള (28,547 കോടി), ജോയ് ആലുക്കാസ് ​ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് (28,298 കോടി) എന്നിവരാണ് തുടര്‍ന്നുള്ളവർ.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും സമ്പന്നന്‍. ഏകദേശം പത്തുലക്ഷം കോടിയാണ് ആസ്തി. ഒരുവര്‍ഷത്തിനുള്ളില്‍ ആസ്തി 27.5 ബില്യണ്‍ ഡോളര്‍ (2.3 ലക്ഷം കോടി) വര്‍ധിച്ചു. 116 ബില്യണ്‍ ഡോളര്‍ (9.73 ലക്ഷം കോടി) ആസ്തിയുള്ള അദാനി ​ഗ്രൂപ്പ് ചെയര്‍മാന്‍ ​ഗൗതം അദാനിയും കുടുംബവുമാണ് രണ്ടാംസ്ഥാനത്ത്. ഇവരുടെ ആസ്തി 48 ബില്യണ്‍ ഡോളറാണ് (4.03 ലക്ഷം കോടി) വര്‍ധിച്ചത്. ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ എമരിറ്റസായ സാവിത്രി ജിന്‍ഡാലും കുടുംബവും 43.7 ബില്യണ്‍ ഡോളറുമായി (3.67 ലക്ഷം കോടി) മൂന്നാംസ്ഥാനത്തെത്തി. ഇന്ത്യയിലെ 100 അതിസമ്പന്നരുടെ സംയോജിത ആസ്തി ആദ്യമായി ഒരു ലക്ഷം കോടി ഡോളര്‍ കടന്നെന്നും ഫോബ്സ് പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top