27 September Friday

മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കാസർകോട് > മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ പി കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. വാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നു. കണ്ണൂരിലായിരുന്നു അന്ത്യം. 1987-ലെ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തിയത്.

കെപിസിസി ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിൽ നിന്നുള്ള കെപിസിസി അംഗമാണ്. കാസർകോട് ജില്ലയിൽ കോൺഗ്രസ്സ് പ്രസ്ഥാനം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കെ പി ദീർഘകാലം കാസർകോട് ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചു. ദീർഘകാലം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1991ലും 96ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ടു.

കേരഫെഡ് ചെയർമാൻ, സംസ്ഥാന വൈദ്യുതി ബോർഡ് അംഗം, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ഡയറക്ടർ, പയ്യന്നൂർ കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

സെപ്തംബർ 4നാണ് ദേശീയ പാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ കാറപകടത്തിൽ കെ പി കുഞ്ഞിക്കണ്ണന് പരിക്കേറ്റത്. കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വാരിയെല്ലിന് പരിക്കേറ്റ് കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.

ഭാര്യ: കെ.സുശീല ( റിട്ട. പ്രഥമാധ്യാപിക കാറമേൽ എഎൽപി സ്കൂൾ), മക്കൾ: കെ പി കെ തിലകൻ (അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പ്രതിപക്ഷ നേതാവ്), കെ പി കെ തുളസി ( അധ്യാപിക, സെയിൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ)  മരുമക്കൾ: അഡ്വ വീണ എസ് നായർ ( യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), പ്രതീഷ് (ബിസിനസ്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top